KeralaLatest News

കെവിന്‍ കൊലക്കേസ്; ചാക്കോ ജോണിനെ വെറുതെ വിട്ടതിന്റെ കാരണം ഇതാണ്

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. നീനുവിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തു പേര്‍ മാത്രമാണ് കുറ്റക്കാരെന്നതാണ് കോടതിയുടെ നീരിക്ഷണം. നീനുവിന്റെ അച്ഛന് കെവിനെ മകന്‍ കൊലപ്പെടുത്തുമെന്ന വിവരം അറിയാമായിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാനായില്ലെന്ന പഴുതിലൂടെയാണ് ശിക്ഷ ഒഴിവാകുന്നതും, കേസില്‍ വെറുതെ വിടുന്നതും.

കെവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ്, നീനുവും കെവിനും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുള്ള വിവരം നീനുവിന്റെ സഹോദരനും ചാക്കോ ജോണിന്റെ മകനുമായ ഷാനു ചാക്കോ വിദേശത്തായിരിക്കുമ്പോഴാണ് അറിയുന്നത്. തിരികെ വരികയാണെന്നും പ്രശ്‌നത്തിലിടപെടുമെന്നും ഷാനു അച്ഛന്‍ ചാക്കോ ജോണിന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. ‘കുവൈറ്റ് പപ്പ’ എന്ന നമ്പറിലാണ് ഷാനു അച്ഛന് സന്ദേശമയച്ചത്. താന്‍ വരികയാണെന്നും കെവിനെ കൊല്ലുമെന്നും ആ സന്ദേശത്തില്‍ ഷാനു പറയുന്നുണ്ട്. എന്നാല്‍ ഇത് സംശയരഹിതമായി തെളിയിക്കാന്‍ ആകാത്തതാണ് ചാക്കോയ്ക്ക് രക്ഷയായത്.

ഷാനുവിന്റെ ഫോണില്‍ നിന്ന് കുവൈറ്റ് പപ്പ എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്നത് അച്ഛന്റെ നമ്പറാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ നമ്പറാണെങ്കില്‍ത്തന്നെ ആ സമയത്ത് ഷാനു സംസാരിച്ചത് അച്ഛനോടാണെന്ന് എങ്ങനെ തെളിയിക്കാനാകും? അച്ഛന് ഈ വിവരം നേരത്തേ അറിയാമായിരുന്നുവെന്ന് എങ്ങനെ അറിയാനാകും? – എന്നീ വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് സംശയരഹിതമായി മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

അതേസമയം, ചാക്കോ ജോണിനെ വെറുതെ വിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് കെവിന്റെ അച്ഛന്‍ ജോസഫ് പറഞ്ഞു. വിധി തീര്‍ത്തും നിരാശാജനകമാണ്. കെവിനെ ലക്ഷ്യമിട്ടവരില്‍ ചാക്കോയുമുണ്ടെന്നും ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകുമെന്നും, നിയമപോരാട്ടം തുടരാനാണ് തന്റെ ഉദ്ദേശമെന്നും ശിക്ഷാ വിധി വന്ന ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാനാകൂ എന്നും ജോസഫ് പറഞ്ഞു.

കേസിലെ അഞ്ചാം പ്രതിയായിരുന്നു ചാക്കോ ജോണ്‍. ഇയാള്‍ക്ക് പുറമേ, പത്താം പ്രതി അപ്പുണ്ണി എന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റെമീസ് ഷെരീഫ് എന്നിവരെയും കോടതി വെറുതെ വിട്ടു. സുഹൃത്തായ അനീഷ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്നത്. അനീഷിനെ മര്‍ദ്ദിച്ചവശനാക്കി പ്രതികള്‍ വഴിയിലുപേക്ഷിച്ച ശേഷമാണ് കെവിനെ കൊലപ്പെടുത്തുന്നത്. തിരിച്ചറിയല്‍ പരേഡില്‍ അനീഷിന് തിരിച്ചറിയാന്‍ കഴിയാതെ പോയ പ്രതികളെയാണ് ഇപ്പോള്‍ കോടതി വെറുതെ വിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button