
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാര്‍ഥിനിയാണ് കൈയില്‍ രാഖി കെട്ടി എത്തിയത്. ഇത് എസ്.എഫ്.ഐ. നേതാക്കളെ പ്രകോപിതരാക്കി. സംഘടിച്ചെത്തിയ ഇവര്‍ പി.ജി. ക്ലാസില്‍ കയറി ബഹളമുണ്ടാക്കി. വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. ആദ്യം നേതാക്കളുടെ ഭീഷണിക്ക് പെണ്‍കുട്ടി വഴങ്ങിയില്ല.
ഭീഷണിപ്പെടുത്താനായി നേതാക്കളിലൊരാള്‍ ക്ലാസ് റൂമിന്റെ ജനല്‍ ചില്ല അടിച്ചുപൊട്ടിച്ചു. പ്രിന്‍സിപ്പലിന്റെ റൂമിന് എതിര്‍വശത്തെ ബ്ലോക്കിലായിരുന്നു സംഭവം.അധ്യാപകരെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വിദ്യാര്‍ഥിനി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തില്‍ ഒളിപ്പിച്ചു. ഇതോടെ രാഖി കൈവശപ്പെടുത്തി നശിപ്പിക്കാനുള്ള എസ്.എഫ്.ഐ. നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. അധ്യാപകര്‍ക്കു മുന്നില്‍ ഭീഷണിമുഴക്കിക്കൊണ്ടാണ് ഇവര്‍ പിന്‍മാറിയത്.
വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് സസ്‌പെന്‍ഷന്‍. അതീവ രഹസ്യമായിട്ടാണ് ഇതു നടപ്പാക്കിയത്. വിദ്യാര്‍ഥിനി പരാതിയില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് നടപടി എടുക്കേണ്ടിവന്നത്. ചൊവ്വാഴ്ച സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ സി.സി.ബാബു തയ്യാറായില്ല. പെണ്‍കുട്ടി പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
എസ്.എഫ്.ഐ. നേതാക്കള്‍ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വീണ്ടും പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പഴയപടി എസ്.എഫ്.ഐ. നേതാക്കള്‍ കോളേജ് നിയന്ത്രണമേറ്റെടുത്തെന്നാണ് സൂചന.
Post Your Comments