ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകള്‍ ഉപയോഗശേഷം നിര്‍മാര്‍ജനം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ അലിഞ്ഞ് ചേരില്ല. പ്ലാസ്റ്റിക് ചേര്‍ന്നിട്ടുള്ളതിനാല്‍ കത്തിച്ചുകളയുന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹാര്‍ദ്ദപരവും പലതവണ ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഡുകളുടെ ആവശ്യകത ഏറുന്നത്. ഉപയോഗശേഷം സാനിറ്ററി നാപ്കിനുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായെത്തിയിരിക്കുകയാണ് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ വികസിപ്പിച്ചെടുത്ത വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍ തികച്ചും പ്രകൃതിദത്തമാണ്. ഏറെക്കാലം ഈടുനില്‍ക്കുകയും ചെയ്യും. ഡല്‍ഹി ഐഐടിയുടെ സംരംഭമായ സാന്‍ഫി വഴി അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ നാപ്കിനുകള്‍.
ALSO READ: ദുരിതാശ്വാസ സഹായം ഉടന്‍ : സാലറി ചാലഞ്ചിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഈ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശവാദം. വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ 120 തവണ വരെ ഇത് ഉപയോഗിക്കാം എന്നതാണ് പ്രത്യേകതയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ട് പാഡുകളടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. കട്ടി കുറഞ്ഞതാണെങ്കിലും സുരക്ഷിതമാണ് ഇത്തരം നാപ്കിനുകള്‍. പുതിയ നാപ്കിന്‍ നിര്‍മ്മാണ രീതിക്ക് പേറ്റന്റ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍ സംസ്‌കരിക്കാനും ബുദ്ധിമുട്ടില്ലെന്നും അര്‍ചിത് അഗര്‍വാള്‍ പറഞ്ഞു.
Post Your Comments