ചിറ്റാരിക്കാല്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ കേസെടുക്കുന്നതിന് ചിറ്റാരിക്കാല്‍ പൊലീസ് കോടതിയുടെ അനുമതി തേടി. അമ്മയെ പരസ്യമായി അധിക്ഷേപിച്ചെന്ന മകന്റെ പരാതിയിലാണ് പൊലീസിന്റെ നീക്കം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് അനുമതി ഹര്‍ജി നല്‍കിയത്. ഈസ്റ്റ് എളേരി മുത്താടിത്തട്ടിലെ പന്തമ്മാക്കല്‍ പി.എ വര്‍ഗീസാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കിയത്.
READ ALSO: പി. ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കഴിഞ്ഞ 14 ന് വൈകിട്ട് ചിറ്റാരിക്കാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തില്‍ ഇവരുടെ അമ്മയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്നാണ് പരാതി. മാസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിക്കാല്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിംസ് പന്തമ്മാക്കലിനെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് അടക്കം നാലുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതില്‍ മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞറേല്‍ പൊലീസ് പിടിയിലായി ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ചിറ്റാരിക്കാലില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് ഉണ്ണിത്താന്‍ പരസ്യമായി അധിക്ഷേപിച്ചതായി പരാതിയുള്ളത്. ഇത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ എം.പിക്കെതിരെ കേസെടുക്കുമെന്ന് ചിറ്റാരിക്കാല്‍ എസ്.ഐ കെ പി വിനോദ്കുമാര്‍ പറഞ്ഞു.
Post Your Comments