കല്‍പ്പറ്റ: കനത്തമഴ ശമിച്ചെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വെളുകൊല്ലി ഗ്രാമം ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടുത്തുകാര്‍ക്ക് പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ഇതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ദുരിതത്തിലായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുമ്പോഴും ഇവര്‍ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിന്റെ സമയത്തും സമാന സ്ഥിതിയായിരുന്നു ഇവിടെ. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാത്തതിനാല്‍ ഇവിടെ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം പോലും ലഭിക്കില്ല.
കൃഷികള്‍ വെള്ളം കയറി നശിച്ചു. മിക്ക വീടുകളും പട്ടിണിയുടെ വക്കിലാണ്. കുറുവാ റോഡില്‍നിന്ന് മൂന്നുകിലോമീറ്ററോളം മണ്‍പാതയിലൂടെ സഞ്ചരിച്ച് വേണം ഈ ഗ്രാമത്തിലെത്താന്‍. ചെട്ടി, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട 55 കുടുംബങ്ങളാണ് വെള്ളുകൊല്ലിയില്‍ കഴിയുന്നത്.
ALSO READ: യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടന്നു
കഴിഞ്ഞ പ്രളയകാലത്ത് വെളുകൊല്ലി ഒറ്റപ്പെട്ടിരുന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സന്നദ്ധ സംഘടനകള്‍ ഇങ്ങോട്ട് സഹായമെത്തിച്ചിരുന്നു. മണ്‍പാത തകര്‍ന്നതോടെ ഇതുവഴി വാഹന സൗകര്യവും ഇല്ല. എപ്പോഴും ആനശല്യമുള്ള വഴിയിലൂടെ നടന്നാണ് ഗ്രാമവാസികള്‍ ജോലിക്ക് പോകുന്നത്. ആനയുടെയും കടുവയുടെയും ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കാം. ഗ്രാമത്തിലേക്ക് ഉറപ്പുള്ള റോഡ് വേണമെന്ന കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഓരോ മഴക്കാലത്തും ഗ്രാമവാസികള്‍ തന്നെ വഴിയുണ്ടാക്കേണ്ട അവസ്ഥയാണ്.
Post Your Comments