
ആലപ്പുഴ: സിപിഎം പ്രവര്‍ത്തകന്‍ ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കവിതയെഴുതി പ്രതികരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ മറ്റൊരു സംഭവത്തില്‍ പ്രതിയാക്കി. ഓമനക്കുട്ടന്‍ വിഷയത്തില്‍ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കവിതയെഴുതിയ കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ജി.പണിക്കര്‍ക്കെതിരെയാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.
ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചെന്ന് ആരോപണമുയര്‍ന്നയുടന്‍ ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്തതിലും സംഭവത്തില്‍ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് ‘ദുരിതാശ്വാസ ക്യാംപിലെ കഴുത’ എന്ന പേരില്‍ പ്രവീണ്‍ കവിത പോസ്റ്റ് ചെയ്തത്. ജി. സുധാകരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സന്നിധാനത്തിലെ കഴുത’ എന്ന പേരില്‍ കവിത എഴുതിയിരുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ നേതാക്കള്‍ക്കുവേണ്ടി പണിയെടുക്കുന്ന കഴുതയാണെന്ന മട്ടിലാണു പ്രവീണിന്റെ കവിത.
‘സന്നിധാനത്തിലെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര്‍ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..’ എന്നിങ്ങനെ വരികളുണ്ട്. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ്. എന്നാൽ ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവത്തില്‍ പോലീസ് പെട്ടന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് മന്ത്രിയെ വിമര്‍ശിച്ചതുകൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments