ന്യൂഡല്‍ഹി: ഭൂട്ടാന്റെ മനം കവർന്ന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്.
ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്‌റൈനും സന്ദർശിക്കും . ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.
അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്.
ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദം എത്തിക്കാന്‍ ഗള്‍ഫിനേയും പാക്കിസ്ഥാന്‍ സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. ബഹ്റൈനില്‍ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. പതിനായിരത്തിലേറെ പേര്‍ ഇതിനകംതന്നെ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments