ചണ്ഡീഗഡ് : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് എതിരെ ശക്തമായ താക്കീതുമായി ഇന്ത്യ രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ തെറ്റു ചെയ്‌തെന്നു പറഞ്ഞാണ് ഞങ്ങളുടെ അയല്‍ക്കാര്‍ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളു. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്നാലും അത് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കും- ഹരിയാനയിലെ പഞ്ച്കുളയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
ബാലാക്കോട്ടിേലതിനെക്കാളും വലിയ ആക്രമണത്തിന് ഇന്ത്യ ആസൂത്രണം ചെയ്യുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ ബാലാക്കോട്ടില്‍ എന്ത് ചെയ്‌തെന്ന് പാക്ക് പ്രധാനമന്ത്രി അംഗീകരിച്ചെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ ആണവ നയത്തിനു മാറ്റം വരാമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍വച്ചു പ്രതികരിച്ചിരുന്നു. ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ലെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍.
Post Your Comments