KeralaLatest NewsIndia

കേരളത്തിന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ നൽകിയത് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം : വി മുരളീധരന്റെ ഇടപെടലിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി കേരള ഹൗസും സമ്പത്തും

ആദ്യഘട്ടമായി ആറു ടണ്‍ മരുന്നുകളാണ് കേരളത്തിലെത്തിയത്.

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് അടിച്ചെടുത്ത് എ. സമ്പത്ത്. ആഗസ്റ്റ് പത്തിന് വി. മുരളീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസഥാനത്തിലാണ് ആദ്യഘട്ടമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ നല്‍കാമെന്നുള്ള ഉറപ്പ് കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം നൽകിയത്. ഈ മരുന്നുകളാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്. ആദ്യഘട്ടമായി ആറു ടണ്‍ മരുന്നുകളാണ് കേരളത്തിലെത്തിയത്.

വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വെള്ളിയാഴ്ച രാവിലെയാണ് മരുന്നുകള്‍ കൊച്ചിയിലെത്തിയത്. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ളവയാണ് അയച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ അയക്കുന്ന മരുന്നുകള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തും. ഈ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറെന്ന് പറയുന്ന സമ്പത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നതു പോലുമില്ല എന്നതാണ് ശ്രദ്ധേയം.പതിമൂന്നിനാണ് സമ്പത്ത് ഡല്‍ഹിയില്‍ ചാര്‍ജ് എടുത്തത്. അതിന് മുമ്പ് തന്നെ മരുന്നുകള്‍ക്കുള്ള ഓര്‍ഡര്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

ചണ്ഢീഗഢില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചിട്ടാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലേക്ക് എത്തിക്കുക. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയക്കും. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ എകോപിപ്പിക്കുന്നത് കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്.

കേരളത്തിനുള്ള സഹായങ്ങള്‍ക്കായി കേന്ദ്ര ദുരിതനിവാരണ വിഭാഗവുമായി നിരന്തരം അദേഹം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിക്കാണ് പ്രളയ ബാധിത സംസ്ഥാനങ്ങളുടെ ചുമതല. അദ്ദേഹവുമായി എല്ലാ ദിവസവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാനം ആവശ്യപ്പെടുന്ന സഹായങ്ങളെല്ലാം കേന്ദ്രം നല്‍കുന്നുണ്ടെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.അതെ സമയം കൈത്താങ്ങായി കേരള ഹൗസ്, 22.45 ടൺ മരുന്നുകൾ കേരളത്തിലെത്തിക്കുമെന്ന തലക്കെട്ടിൽ കേരള ഹൌസ് പ്രസ് റിലീസ് നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button