കരഞ്ഞു പെയ്ത കര്‍ക്കിടക സന്ധ്യകള്‍ വിടചൊല്ലി പോകുകയായി. വറുതിയുടെ ദിനരാത്രങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് പൊന്നിന്‍ ചിങ്ങം വിരുന്നെത്തി. ചിങ്ങപുലരിയെന്നാല്‍ മലയാളത്തിനു വസന്തകാലമായിരുന്നു കുറച്ചുനാളുകള്‍ക്കു മുമ്പ് വരേയ്ക്കും. ചിങ്ങം ഒന്ന് മലയാളവര്‍ഷത്തിന്റെ തുടക്കം മാത്രമല്ല മലയാളികള്‍ക്ക്. പകരം കര്‍ഷകദിനവും തുഞ്ചന്റെ കിളിമകള്‍ പാടിയ മലയാളഭാഷാ ദിനവും കൂടിയാണ്. അക്ഷരത്താളുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുക്കപ്പെട്ട ഈ ദിനത്തിന്റെ പ്രസക്തി ഇന്ന് എത്രമാത്രം യുവതലമുറയെ സ്വാധീനിക്കുന്നുണ്ട്? കസവുമുണ്ടും സാരിയും പട്ടുപാവാടയും മുല്ലപ്പൂവും ചൂടാന്‍ മാത്രമുള്ളൊരു ദിനമായി ചിങ്ങം ഒന്ന് മാറ്റപ്പെട്ടപ്പോള്‍ തഴയപ്പെട്ടത് നമ്മുടെ സംസ്കൃതിയും പൈതൃകവും തന്നെയായിരുന്നു. മലയാളി -കാലത്തിനൊപ്പം സഞ്ചരിക്കുന്നുവെന്ന ഗര്‍വ്വും പേറി കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു സ്വന്തം സംസ്കൃതിയിലേക്ക് ഒരുപാട് പിന്നിലേക്ക് പോയ പാവം പടുവിഡ്ഢി. ഇടവപ്പാതി, തുലാപ്പത്ത്, തിരുവാതിര ഞാറ്റുവേല തുടങ്ങി മലയാണ്മയുടെ സുകൃതം പേറിയ ഒരുപാട് വാക്കുകള്‍ പുതുതലമുറയ്ക്കിന്നു അന്യമാണ്. ഇന്നീ കര്‍ഷക ദിനത്തില്‍ നമ്മള്‍ എന്നോ മറന്നുപോയ ഞാറ്റുവേലകളുടെ ഞാറ്റടിപാട്ടുകള്‍ ഒരുപാട് കേട്ടുറങ്ങിയ നമ്മുടെ സ്വന്തം മണ്ണിലേക്ക്, നമ്മുടെ സ്വന്തം പൈതൃകത്തിലേക്ക് ഒരല്പനേരത്തേക്ക് മടങ്ങിപ്പോക്ക് നടത്താം.
കൃഷിയിറക്കത്തിനുമുണ്ട് കാലവും സമയവുമൊക്കെ. നമ്മുടെ കേരളത്തിലെ പഴയകാല കര്‍ഷകരുടെ കാര്‍ഷിക കലണ്ടറാണു ഞാറ്റുവേല എന്നറിയപ്പെടുന്നത്. കാലാകാലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്‍ഷിക പ്രവൃത്തികളെ മുന്‍കൂട്ടി കണ്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മഴയെയും കാലാവസ്ഥയെയും കൃഷിയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ച ഒരു ക്രമമാണ് ഞാറ്റുവേല. സൂര്യന്‍റെ (ഞായര്‍) വേള (വേല)കളെ ആധാരമാക്കി കാലാവസ്ഥാ വ്യതിയാനത്തെ പ്രവചിക്കുന്നതിനായി നമ്മുടെ ജ്യോതിശാസ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ് ഞാറ്റുവേല. കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാരം ഇരുപത്തിയേഴ് നാളുകളാണല്ലോ ചന്ദ്രന് ഭൂമിയെ ചുറ്റുന്നതിനു വേണ്ടുന്ന ദിവസം. ചന്ദ്രന്‍ ഒരു ദിവസം കൊണ്ട് ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ് ഇന്ന് അശ്വതിനാളാണ്, ഭരണിയാണ് എന്നൊക്കെ പറയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതിന് 365 ദിവസം വേണമല്ലോ. ഈ ചലനത്തില്‍ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങള്‍ സൂര്യന് നേരെയും വരും. പക്ഷെ, സൂര്യന് ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന് പോകുന്നതിന് ഏകദേശം 13-14 ദിവസം വേണ്ടിവരുന്നു. സൂര്യന്‍ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത് ആ കാലയളവിനു പറയുന്ന പേരാണ് ഞാറ്റുവേല. സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മേടം ഒന്നാം തീയതിയോട് അടുപ്പിച്ച് അശ്വതി ഞാറ്റുവേല തുടങ്ങുന്നു. – ഓരോ മാസത്തിലും ഈരണ്ടു ഞാറ്റുവേല വീതം ഉണ്ടാകും.
ഞാറ്റുവേലകളില്‍ ഏറ്റവും പ്രാധാന്യമുള്ളത് തിരുവാതിര ഞാറ്റുവേലയ്ക്കാണ്. ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാകുമ്പോള്‍ സവിശേഷമായ തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസമാണ്. ഞാറ്റുവേലയിലെ മഴയുടെ പ്രത്യേകതകൾ പഴയചൊല്ലുകളിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്. തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട്. തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും എന്ന ചൊല്ലുമുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്.
ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. ‘തിരുവാതിര തിരിമുറിയാതെ പെയ്യണം’ എന്നാണ് ചൊല്ല്. മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല, ഒന്നാംവിള നെല്ല് പറിച്ചുനടാന്‍ അനുകൂല സമയമാണ്. നെല്‍ കൃഷിക്കു മാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയില്‍ മഴ കൂടിയേ തീരൂ. 101 മഴയും 101 വെയിലും ലഭിക്കുന്ന തിരുവാതിരയില്‍ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ് പഴമൊഴി. തിരുവാതിര ഞാറ്റുവേലയിലെ മഴവെള്ളം ‘ഗംഗാമ്പൂ’ എന്നാണ് അറിയപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ഈ കാലത്തെ വെള്ളം വളരെ പ്രാധാന്യമുള്ളതാണ്. പേരുകൊണ്ട് തന്നെ അപ്പോഴത്തെ മഴയുടെ പ്രാധാന്യം വ്യക്തമാണല്ലോ. നമ്മുടെ നാട്ടിലെ ‘കറുത്ത പൊന്നിന്‍റെ സമൃദ്ധി കണ്ടിട്ട് പോര്‍ച്ചുഗീസുകാര്‍ കുരുമുളക് കൊടി അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി. അതുകണ്ട് നമ്മുടെ പ്രധാന വരുമാനമാര്‍ഗ്ഗം നിന്നുപോകുമോ എന്ന് ഭയന്ന മന്ത്രിയോട് ‘കുരുമുളക് കൊടിയല്ലേ അവര്‍ക്ക് കൊണ്ടുപോകാന്‍ പറ്റുകയുള്ളു, ഞാറ്റുവേല കൊണ്ട് പോകാന്‍ പറ്റില്ലല്ലോ’ എന്ന് പണ്ടു സാമൂതിരി രാജാവ് പറഞ്ഞതായ കഥ പ്രസിദ്ധമാണല്ലോ…
കലണ്ടര്‍ താളുകള്‍ നോക്കാതെതന്നെ ഞാറ്റുവേലകളും സംക്രാന്തിയും മനസ്സില്‍ ഗണിച്ചെടുത്ത് പുതുമഴയ്ക്കുമുമ്പേ ഉഴുതുമറിച്ച വയലുകളിലേക്ക് വിത്തെറിഞ്ഞ കര്‍ഷകര്‍ ഓര്‍മ്മകളില്‍ മാത്രമായി. തിമിര്‍ത്തുപെയ്യുന്ന കര്‍ക്കടകപ്പെരുമഴയിലും കൊരമ്പക്കുടചൂടി ഞാറ്റുപാട്ടുമായി വയലിലേക്കിറങ്ങുന്ന തൊഴിലാളികള്‍ സിനിമാകാഴ്ചകള്‍ മാത്രമായി. നമ്മുടെ നാട് മാറുമ്പോള്‍ പച്ചപ്പുനിറഞ്ഞ വയലുകള്‍ക്കൊപ്പം കാലങ്ങളോളം നാട് നെഞ്ചിലേറ്റിയ കാര്‍ഷികസംസ്‌കാരംകൂടിയാണ് അസ്തമിക്കുന്നത്. മണ്ണിന്‍റെ മണവും വിയര്‍പ്പിന്‍റെ നനവുമുള്ള വയലുകള്‍ ഇന്നെവിടെ? നമുക്ക് നഷ്ടമായത് കാലം കൈമാറിയ പൈതൃകമാണ്. ഞാറ്റുവേലയും അതിന്‍റെ അര്‍ഥവും ആഴവും മേടക്കൊയ്ത്തിനു മുമ്പുള്ള ‘നല്ലിരിപ്പു’കാലവും വയലേലകള്‍ക്കും കൊയ്ത്തിനും ആ സ്‌കാരത്തിനുമൊപ്പം ഇല്ലാതായിരിക്കുന്നു. കണക്കെടുത്തുനോക്കിയാല്‍ നമുക്ക് നഷ്ടങ്ങള്‍ മാത്രം. ഞാറ്റുവേലകള്‍ക്കൊപ്പം നമുക്ക് നഷ്ടപ്പെട്ടത് ജീവിതത്തിന്‍റെ കലണ്ടര്‍ കൂടിയാണല്ലോ…
Post Your Comments