ചിങ്ങം ഒന്ന്, മലയാളത്തിന്റെ പുതുവര്‍ഷാരംഭം …ഇനി കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നല്ല നാളുകള്‍
ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്‍ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങപുലരിയിലേക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. ഒരു കാലത്തെ കാര്‍ഷിക പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തി കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം.
കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.
Post Your Comments