റാംപൂര്‍: സമാജ്വാദി പാര്‍ട്ടി എംപി ആസാം ഖാന്റെ ആഡംബര റിസോര്‍ട്ടിന്റെ ചുറ്റുമതില്‍ റാംപൂര്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സ്ഥലം വീണ്ടെടുക്കുന്നത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതിന് ശേഷമായിരുന്നു ജില്ലാഭരണകൂടത്തിന്റെ നടപടി. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച മതില് രണ്ട് ജെസിബികള്‍ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്. ഏകദേശം 1,000 ചതുരശ്ര മീറ്റര്‍ വരെ നീളുന്നതാണ് പൊളിച്ചുമാറ്റിയ ഭാഗം.
പ്രശ്നമുണ്ടാകാതിരിക്കാന്‍ പോലീസിന്റെ ഒരു വലിയ സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു. ഖാന്റെ തന്നെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആഡംബര റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് ഖാന് നോട്ടീസ് നല്‍കിയിരുന്നു. റിസോര്‍ട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന്ന ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെയും പാവപ്പെട്ട കര്‍ഷകരുടെയും ഉടമസ്ഥതയിലുള്ള ഭൂമിയും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ അസംഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 29 ന് ഖാനെ ലാന്‍ഡ് മാഫിയയായി പ്രഖ്യാപിക്കുകയായിരുന്നു
സര്‍വകലാശാലയുടെ അക്കൗണ്ടിലെത്തിയ വിദേശത്തുനിന്നുള്ള സംഭാവനകളുമായി ബന്ധപ്പെട്ട പണമിടപാട് ആരോപണങ്ങളും എന്‍ഫോഴ്സ്മെന്റ് വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പട്ടിക ഇഡി രാംപൂര്‍ പോലീസില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments