KeralaLatest News

റബ്‌കോ കുംഭകോണം സിബിഐ അന്വേഷിക്കണം: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം•സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള റബ്‌കോ സഹകരണ സംഘത്തിന്റെ കോടികളുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള.

മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ രംഗത്തെ അഴിമതിയുടെ ഉത്തരാവാദിത്വത്തില്‍ നിന്നും കൈ കഴുകി നല്ലപിള്ള ചമയാനുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെയും ബിജെപി പ്രസിഡന്റ് അപലപിച്ചു. അഴിമതി നടത്തുന്നതില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ALSO READ: മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച്‌ ദുരിതാശ്വാസ ക്യാമ്പിൽ കയറിക്കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്‍

അഴിമതിയും കെടുകാര്യസ്ഥതയും മൂലം റബ്‌കോയ്ക്ക് ഉണ്ടായിട്ടുള്ള 238 കോടിയൂടെ കിട്ടാക്കടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പൊതുഖജനാവ് കൊള്ളയടിക്കുന്ന സിപിഎമ്മിന്റെ സ്ഥിരം ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പ്രളയക്കെടുതിയില്‍ ഇത്തരം അഴിമതി നടത്തുന്നത് ആരും അറിയില്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതുന്നുവെങ്കില്‍, അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. റിസര്‍വ്ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും വളച്ചൊടിച്ചും ദുര്‍വിനിയോഗം ചെയ്യുതുമാണ് റബ്‌കോയെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശതകോടികളുടെ നഷ്ടം ഉണ്ടാക്കുകയും നാളിതുവരെ ഒരു രൂപയുടെ ലാഭം പോലും നേടുകയും ചെയ്യാത്ത റബ്‌കോയില്‍ 300 കോടിയിലേറെ രൂപയുടെ ക്രമക്കേടും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പിണറായി വിജയനാണ് റബ്‌കോയുടെ സ്ഥാപക ചെയര്‍മാന്‍ എന്നതും ശ്രദ്ധേയമാണ്.

പ്രൈമറി ബാങ്കായ റബ്‌കോ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോടികള്‍ കടം എടുത്തെങ്കിലും പലിശയിനത്തില്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടുമില്ല. റബ്‌കോ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിക്കുകയുണ്ടായില്ല. പാര്‍ട്ടി സ്ഥാപനങ്ങളെ രക്ഷിക്കാന്‍ പൊതു പണം ദുര്‍വിനിയോഗം ചെയ്യുന്നത് കുറ്റകൃത്യമാണ്. അത് അന്വേഷിച്ച് കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാനും, അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുവാനും, സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കാനുള്ള വേദിയാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ്സും ഒട്ടും പിന്നിലല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button