വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ വിഫലം. നായ്ക്കള്‍ ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതോടെയാണ് ഇവരെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഏഴ് പേരെയാണ് ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത്.
മനുഷ്യശരീരം മണത്ത് കണ്ടെത്താന്‍ കഴിവുള്ള നായ്ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്. ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കളെ എത്തിച്ചാണ് പുത്തുമലയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നത്. എറണാകുളത്തെ ഒരു സ്വകാര്യഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ആ തെരച്ചില്‍ വിഫലമാവുകയായിരുന്നു. മാത്രമല്ല, നായ്ക്കളുടെ കാലുകള്‍ ചെളിയില്‍ താഴാന്‍ തുടങ്ങിയതും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.
മൃതദേഹം കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച് നോക്കിയിട്ടും ഏഴില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേനയുടെ അഭിപ്രായം. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം.
Post Your Comments