പന്തളം: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായതായി സംശയം. മാമ്മൂട് കുടമുക്ക് തുണ്ടില്‍ വീട്ടില്‍ മധുവിന്റെയും വിലാസിനിയുടെയും മകന് അഖില്‍ (22) ആണ് ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നത്. ജമ്മു കശ്മീരില്‍നിന്നു ചൊവ്വാഴ്ചയാണ് അവധിക്കു നാട്ടിലെത്തിയത്. ബൈക്കിന്റെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി ഇന്നലെ രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയതാണ് അഖില്‍. രാത്രിയോടെ നിര്‍ത്തിയ തെരച്ചില്‍ ഇന്നു തുടരും.
ഇന്നലെ രാവിലെ പതിനൊന്നരയോടെ, പന്തളം വലിയ പാലത്തിനു സമീപം നിന്നവര്‍ ആറ്റിലൂടെ രക്ഷിക്കണേയെന്നു വിളിച്ചു കൂവിക്കൊണ്ട് ഒരു യുവാവ് ഒഴുകി പോകുന്നതു കണ്ടതായി പോലീസിനെ അറിയിച്ചു. പന്തളം, ഇലവുംതിട്ട പോലീസും അഗ്നിരക്ഷാ രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാലത്തിനു സമീപത്തുനിന്നു കണ്ടെടുത്ത ബൈക്കില്‍നിന്നു ലഭിച്ച രേഖകളില്‍ നിന്നുമാണ് കാണാതായത് അഖിലാണെന്നു സംശയിക്കുന്നതെന്ന് ഇലവുംതിട്ട പോലീസ് പറഞ്ഞു.ഡല്‍ഹിയില്‍ വച്ച് നഷ്ടപ്പെട്ട എ.ടി.എം. കാര്‍ഡില്‍നിന്നും പന്തളത്ത് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി പന്തളം പോലീസിനു നല്‍കാനെഴുതിയ പരാതിയും ബൈക്കില്‍നിന്നു ലഭിച്ചു.
Post Your Comments