ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്ന് ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും ചേര്‍ന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷന്‍ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേരുടെ വോട്ടുകള്‍ നേടിയ ഇന്ദിരാ ഗാന്ധിയാണ് തൊട്ടുപിന്നില്‍.
അതെ സമയം മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പകരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മതിയെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയാണ് മമതാ ബാനര്‍ജി ദേശീയ തലത്തിലെ പ്രധാന നേതാവായി വളര്‍ന്നത്. സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേരും രാഹുല്‍ ഗാന്ധിക്ക് പകരം മമതാ ബാനര്‍ജിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കണമെന്ന് അഭിപ്രായപ്പെട്ടു.
അഖിലേഷ് യാദവ് (12 ശതമാനം), അരവിന്ദ് കേജ്‌രിവാള്‍ (12 ശതമാനം), നവീന്‍ പട്നായിക്ക് (11 ശതമാനം), ശരത് പവാര്‍ (11 ശതമാനം), ജഗന്‍ മോഹന്‍ റെഡ്ഡി (9), മായാവതി (8 ശതമാനം), കെ.ചന്ദ്രശേഖര്‍ റാവു (6 ശതമാനം) എന്നിവരും മമതാ ബാനര്‍ജിക്ക് പിന്നിലുണ്ട്. വിവിധ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതും മമതാ ബാനര്‍ജിക്ക് ഗുണകരമായി. അതെ സമയം മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയവരെ മോദി പിന്നിലാക്കുമെന്നാണ് സർവേ അഭിപ്രായപ്പെട്ടത്. കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്നതിന് മുമ്പാണ് ഈ സര്‍വേ സംഘടിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments