Latest NewsIndia

ഒറ്റ രാത്രികൊണ്ട് ഒന്നും ശരിയാകില്ല :കാശ്‌മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

ഒറ്റ രാത്രികൊണ്ട് ഒന്നും നേരെയാവില്ലെന്ന് വാക്കാല്‍ പറഞ്ഞ ജസ്റ്റിസ് അരുണ്‍മിശ്രയുടെ മൂന്നംഗ ബെഞ്ച് കാശ്‌മീരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നും നിരീക്ഷിച്ചു.

ന്യൂഡല്‍ഹി: പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കാശ്‌മീരിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തെഹ്സിന്‍ പൂനാവാലെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ഒറ്റ രാത്രികൊണ്ട് ഒന്നും നേരെയാവില്ലെന്ന് വാക്കാല്‍ പറഞ്ഞ ജസ്റ്റിസ് അരുണ്‍മിശ്രയുടെ മൂന്നംഗ ബെഞ്ച് കാശ്‌മീരില്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നും നിരീക്ഷിച്ചു.

കാശ്‌മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. നാളെ എന്തെങ്കിലും സംഭവിച്ചാല്‍ ആരെയാണ് കുറ്റംപറയുക. പരീക്ഷണം നടത്താനാകില്ല. ഇത് ഗുരുതരമായ പ്രശ്നമാണ്. ഇപ്പോള്‍ കോടതിക്ക് ഇടപെടാനാകില്ല. സര്‍ക്കാരിന് കുറച്ചുസമയം നല്‍കണം. ഒരു രാത്രി കൊണ്ട് ഒന്നും ചെയ്യാനാകില്ല. സാധാരണനിലയിലേക്ക് കാര്യങ്ങളെത്തുമെന്ന് പ്രതീക്ഷിക്കാം – വാദത്തിനിടെ ബെഞ്ച് പറഞ്ഞു. ആശുപത്രികള്‍, പൊലീസ്, സ്കൂള്‍ തുടങ്ങിയ അടിയന്തര സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവിറക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റും മൊബൈലും തടഞ്ഞതിനാല്‍ സൈനികര്‍ക്ക് പോലും വീട്ടിലേക്ക് വിളിക്കാനാവുന്നില്ല. ദീപാവലിക്ക് അമ്മയോട് സംസാരിക്കാനാകാത്തത് ആലോചിച്ചുനോക്കൂ. ജനങ്ങള്‍ക്ക് ആശുപത്രിയിലെത്താന്‍പോലും കഴിയുന്നില്ല. അപ്രഖ്യാപിത കര്‍ഫ്യൂവാണ് കാശ്മീരിലുള്ളത്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയതടക്കം സര്‍ക്കാരിന്റെ നടപടികള്‍ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും പൂനാവാലെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കര്‍ഫ്യൂ എത്രനാള്‍ നീളുമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു.

കാശ്‌മീരിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സാധാരണനില കൈവരിക്കും വരെ ജനങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കാത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഓരോ ദിവസവും കാര്യങ്ങള്‍ മാറുന്നുണ്ട്. പടിപടിയായി നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുകയാണ്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ല.

2016ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമം നിയന്ത്രിക്കാന്‍ മൂന്നുമാസത്തിലേറെ വേണ്ടിവന്നു. 47 പേര്‍ കൊല്ലപ്പെട്ടു – അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലകള്‍ തോറും ജില്ലാ മജിസ്ട്രേട്ടുമാര്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നില മെച്ചപ്പെടുന്നതിനനുസരിച്ച്‌ നിയന്ത്രണങ്ങള്‍ മാറ്റുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button