സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ
വിദ്യാദായിനിയായ കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ശക്തിയും ചൈതന്യവും ഉള്‍കൊണ്ടുകൊണ്ടുള്ള തെക്കന്‍ പ്രതിഷ്ഠ, അതാണ് പറവൂരിലെ മൂകാംബിക ദേവീക്ഷേത്രം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി പറവൂര്‍ പട്ടണത്തിലാണ് വിദ്യയുടെ നിറകുടമായ സരസ്വതി ദേവിയുടെ പ്രതിഷ്ഠ. വിദ്യാരംഭത്തിനു ഏറെ കീര്‍ത്തികേട്ട ക്ഷേത്രമാണിത്.
ക്ഷേത്രോല്‍പത്തിയെ സംബന്ധിച്ച് വളരെ മനോഹരമായ ഒരു കഥ പ്രചരിച്ചു പോരുന്നു. വളരെ പണ്ട് പറവൂര്‍ ദേശം ഭരിച്ചിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ വിഖ്യാതമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിരമായി പോകുമായിരുന്നു.എന്നാല്‍ പ്രായം കൂടിവന്നപ്പോള്‍ കൊല്ലൂര്‍ വരെ പോകുക എന്നത് അസാധ്യമായി. ഈ ദുഃഖം എങ്ങനെ മറികടക്കും എന്ന് ചിന്തിച്ച അദ്ദേഹം ദേവിയെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. തമ്പുരാന്റെ ഭരണപ്രദേശത്ത് തന്നെ ഒരു ക്ഷേത്രം പണിത് ദേവിയെ പ്രതിഷ്ഠിച്ച് പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്.
അരുളപ്പാട് ലഭിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രം പണി ആരംഭിച്ചു. അങ്ങനെ പറവൂര്‍ കോട്ടക്ക് പൂറത്ത് ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ മുടക്കുകൂടാതെ ദര്‍ശനം നടത്തി. വാക്‌ദേവതയുടെ സാന്നിധ്യമുള്ള ക്ഷേത്രം സാധാരണ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിലൂടെ ക്ഷേത്രത്തിന്റെ മഹിമ നാടറിഞ്ഞു. ക്ഷേത്രം ദക്ഷിണ മൂകാംബിക എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്തു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമാനമായ രീതിയിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി കുളത്തിന്റെ നടുവിലായാണ് ക്ഷേത്രം. അതായത് ശ്രീകോവിലിനു ചുറ്റും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ വെള്ളത്തിനു മുകളിലായി തീര്‍ത്ത നടപ്പാതയിലൂടെയാണ് പ്രദക്ഷിണം. കൊല്ലൂരിലെ സൗപര്‍ണ്ണികാനദിയുടെ സങ്കല്പമാണ് ഇവിടെ ശ്രീകോവിലിനു ചുറ്റും ഒഴുകുന്ന തീര്‍ത്ഥജലത്തിന്.
ക്ഷേത്രത്തിലെ ഈ തീര്‍ത്ഥത്തില്‍ താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ശ്രീകോവിലില്‍ താമരയില്‍ വിരാജിക്കുന്ന സരസ്വതീദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശുഭ്ര വസ്ത്രധാരിണിയായി നാലുകൈകളോട് കൂടി വെള്ളത്താമരയിലിരിക്കുന്ന ദേവിയുടെ ഇടതു കൈകളില്‍ ഒന്നില്‍ വെള്ളത്താമരയും മറ്റേതില്‍ ഗ്രന്ഥവും വലതു കൈകളില്‍ അക്ഷരമാലയും വ്യാഖ്യാനമുദ്രയും നമുക്ക് കാണാനാകും. ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത ക്ഷേത്രക്കുളത്തിനു മുകളിലൂടെയുള്ള ക്ഷേത്രദര്‍ശനം തന്നെയാണ്.
നവരാത്രി ആഘോഷമാണ് പ്രധാന ഉത്സവം. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കുന്നതിനും സംഗീതം നൃത്തം തുടങ്ങിയ ലളിത കലകള്‍ ആരംഭിക്കുന്നതിനുമുള്ള ശുഭമുഹൂര്‍ത്തമായി നവരാത്രിയെ കാണുന്നു. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇവിടെയെത്തി സംഗീതാര്‍ച്ചന നടത്തുന്നവര്‍ നിരവധിയാണ്.
കാഷായ നിവേദ്യം , ബുദ്ധിക്കും ഉത്സാഹത്തിനും
ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ കാഷായ നിവേദ്യമാണ്. വിദ്യാഗുണം ലഭിക്കുന്നതിനും ബുദ്ധിക്ക് കൂര്‍മ്മതലഭിക്കുന്നതിനും മറ്റുമായി കുട്ടികള്‍ക്ക് ഇവിടുത്തെ കാഷായ നിവേദ്യം നല്‍കി വരുന്നു. പഠനോപകരണങ്ങള്‍ പേന തുടങ്ങിയവ പരീക്ഷയ്ക്ക് മുന്‍പ് ഇവിടെ കൊണ്ട് വന്നു പൂജിക്കുന്നത് ശുഭകരമായി കരുതുന്നു.
Post Your Comments