കൊച്ചി: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കരുതെന്ന് യാക്കോബായ സുറിയാനി സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം. ‘തൊമ്മനും മക്കളും’ എന്ന ഫെയ്‌സ്ബുക്ക് പേജ് പൊലീസ് നിരീക്ഷണത്തില്‍.മെത്രാപ്പോലീത്തയുടെ ചിത്രം സഹിതമാണ് വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംശയമുള്ള അഞ്ചുപേരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു.എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള ഇവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസമാണ് മെത്രാപ്പോലീത്തയുടെ ചിത്രം ഉള്‍പ്പെടെ വ്യാജ അറിയിപ്പ് സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശമായി എത്തിയത്.യാക്കോബായ സഭയുടെ ഔദ്യോഗിക അറിയിപ്പ് നല്‍കുന്ന ജെഎസ്‌സി ന്യൂസിന്റെ പേരില്‍ മെത്രാപ്പോലീത്തയുടെ അറിയിപ്പായാണ് വ്യാജസന്ദേശം നിര്‍മിച്ചിരിക്കുന്നത്.
സഭയുടെ നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളില്‍ സഹായ വിതരണം നടത്തണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും മെത്രാപ്പോലീത്തയുടെ കല്‍പ്പന കഴിഞ്ഞ ഞായറാഴ്ച വായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജസന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. പേജിനെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതായി തൃപ്പൂണിത്തുറ എസ്‌ഐ ബിജു കെആര്‍ അറിയിച്ചു.
Post Your Comments