കുമളി: തേക്കടി ഷട്ടറിനു സമീപം ലോഡ്‌ജ് മുറിയില്‍ രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആഴൂര്‍ പെരിങ്കുഴി സ്വദേശി കരിക്കാട്ട്‌വിള പ്രമോദ് പ്രകാശ് (വിഷ്‌ണു 40), മാതാവ് ശോഭന (60), വിഷ്‌ണുവിന്റെ ഭാര്യയെന്നു കരുതുന്ന ചെന്നൈ കാഞ്ചിപുരം സപ്‌തഗിരി നഗറില്‍ ജീവ അശോക (39) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വിഷ്‌ണുവിന്റെയും ശോഭനയുടെയും മൃതദേഹങ്ങള്‍.
ജീവയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും. കഴുത്തില്‍ തൂങ്ങിയാലുണ്ടാകുന്നതു പോലെയുള്ള പാടുണ്ട്. ജീവ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നും എട്ട് വയസുള്ള കുട്ടി ജീവനൊടുക്കിയിരുന്നെന്നും അകന്ന ബന്ധുവായ ഭാസ്‌കരന്‍ പറയുന്നു. വിഷ്‌ണുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ജീവ കാഞ്ചിപുരത്ത് സമ്പന്ന കുടുംബാംഗമാണ്. പിതാവ് റിട്ട. ഹെഡ്‌മാസ്‌റ്റര്‍ വാസ്‌കര്‍. റിട്ട. പബ്ലിക് പ്രോസിക്യൂട്ടര്‍ വാസുകിയാണു മാതാവ്. ഏക സഹോദരി ലീന ഗംഗ.
കഴിഞ്ഞ മേയിലാണ് മൂവരും ലോഡ്‌ജില്‍ മുറിയെടുത്തത്. ശോഭന ഒരു മുറിയിലും മറ്റു രണ്ടു പേരും വേറൊരു മുറിയിലുമായാണു താമസിച്ചിരുന്നത്. ക്രയവിക്രയങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി വന്നതാണെന്നാണ് ലോഡ്‌ജ് അധികൃതരോടു പറഞ്ഞിരുന്നത്. ശനിയാഴ്‌ച രാത്രിയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയില്ലെന്നു ലോഡ്‌ജ് ഉടമ പറയുന്നു. ഇവരുടെ കേരള രജിസ്‌ട്രേഷനിലുള്ള മിത്‌സുബിഷി കാറും ആന്ധ്രാ രജിസ്‌ട്രേഷനിലുള്ള മറ്റൊരു കാറും ലോഡ്‌ജിനടുത്ത് റോഡരികില്‍ കണ്ടെത്തി.
ആന്ധ്ര രജിസ്‌ട്രേഷനുള്ള കാര്‍ ഗൂഡല്ലൂര്‍ സ്വദേശി കുമാറിന്റേതാണെന്നാണ് സൂചന. കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി. രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പക്‌ടര്‍മാരായ വി.കെ. ജയപ്രകാശ്, സി.ഡി. സുനില്‍കുമാര്‍, എസ്.ഐ. പ്രശാന്ത് നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Post Your Comments