തിരുവനന്തപുരം•ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ദുരന്തഘട്ടങ്ങളിൽ ഹിംസ്രജന്തുക്കൾ പോലും വഴിമുടക്കാറില്ല. ഇവിടെ ഒരുകൂട്ടർ ഇതിന് വിപരീതമായി പ്രവർത്തിക്കുന്നു. ഇവരെ എന്ത് പറയാനാണെന്നും മന്ത്രി ചോദിച്ചു.
https://www.facebook.com/mmmani.mundackal/posts/2366430896810246
അതേസമയം, ഊഹാപോഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണവും തടയാൻ കൂട്ടായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവർത്തനങ്ങളെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും അഭൂതപൂർവമായ പിന്തുണയാണ് കഴിഞ്ഞ പ്രളയത്തിനുശേഷം ലഭിച്ചത്. ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ചില കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് പ്രധാനമായും നടക്കുന്നത്. പ്രധാനമായും ഇതര സംസ്ഥാനങ്ങളിൽ മലയാളമറിയാത്തവർക്കിടയിലാണ് ഈ പ്രചാരണമെന്നു മനസ്സിലാക്കുന്നു. അങ്ങനെ പ്രചരിപ്പിക്കുന്നത് ഈ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്. ജനങ്ങളോടും നാടിനോടും സ്‌നേഹമുള്ള ഒരാളും ഇതിനു മുതിരില്ല. ഇത്തരം പ്രചാരണങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അംഗീകൃതമായ ഔദ്യോഗിക സംവിധാനമാണ്. അതിൽ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. പാവങ്ങളിൽ പാവങ്ങളായ ദുരിതബാധിതർക്ക് കൈത്താങ്ങാണത്. സംഭാവനകളിലൂടെ സമാഹരിക്കുന്നതു മാത്രമല്ല, ബജറ്റിൽനിന്നുള്ള വിഹിതവും ഈ നിധിയിലുണ്ട്. പ്രളയ ദുരിതാശ്വാസ നിധി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ വീണുപോകരുത്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദുരന്ത സമയത്ത് നമ്മുടെ മാധ്യമങ്ങൾ നൽകുന്ന സഹായം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments