മലപ്പുറം : മരണത്തിലും തന്റെ മകനെ കൈവിടാതെ ഒരു അമ്മ , മണ്ണിനടിയില്‍ നിന്ന് മൃതദ്ദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഹൃദയഭേദകമായ കാഴ്ചയാണ് എവിടെയും. മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായി കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേരില്‍ അമ്മയുടെയും ഒന്നരവയസ്സുകാരന് മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകള്‍ ഗീതു (21), ഗീതുവിന്റെ മകന് ഒന്നരവയസ്സുകാരന് ധ്രുവന് എന്നിവരെയാണു കാണാതായത്. ഇവരില്‍ ഗീതു, ധ്രുവന് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണു പുറത്തെടുത്തത്. മണ്ണിനടിയില്‍നിന്നു പുറത്തെത്തിക്കുമ്പോള്‍ മകന് ധ്രുവന്റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭര്‍ത്താവിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോള്‍ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭര്‍ത്താവ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവില്‍നിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാന്‍ മകന് ശരതിന് മണ്‍വെട്ടി നല്കാന് റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിര്‍വശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാന്‍ ശരത് ശ്രമിച്ചെങ്കിലും ആര്‍ത്തലച്ചെത്തിയ മണ്ണിനും മരങ്ങള്‍ക്കുമിടയില്‍ സരസ്വതി മറയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഗീതുവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. അപ്പോഴും പൊന്നുമോന്റെ കൈ മുറുക്കെപ്പിടിച്ചത് വിട്ടിരുന്നില്ല ആ അമ്മ.
Post Your Comments