തിരുവനന്തപുരം: ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പണവും മടക്കി നല്‍കി പോലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തടിയൂരി.
മുഴുവന്‍ തുകയും ഡിഡിയായി മടക്കി നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതോടെ അവസാനിച്ചത്.
ഒരുവര്‍ഷം കൂടി നീട്ടിക്കിട്ടിയ പദവിക്കും കേസ് ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലായതോടെയാണ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് വിവരം. കേസ് ഒത്തുതീര്‍ക്കാന്‍ ഉന്നതരുടെ ഇടപെടലും ഉണ്ടായതായിട്ടാണ് വിവരം. ഇടപാടുകാരനില്‍ നിന്നും വാങ്ങിയ 30 ലക്ഷം രൂപ ഡിഡിയായി തിരികെ നല്‍കുകയായിരുന്നു. നേരത്തേ തര്‍ക്കത്തെ തുടര്‍ന്ന് ജപ്തി നടപടിയിലായിരുന്ന വസ്തു പണം തിരികെ നല്‍കിയതോടെ മോചിതമായി. കോടതിയിലെ കേസും അവസാനിപ്പിച്ചു.
നേരത്തേ വസ്തുവിന്റെ കാര്യത്തില്‍ കരാര്‍ എഴുതിയ ഘട്ടത്തിലാണ് വസ്തുവിന്റെ ബാധ്യത ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് പ്രവാസി കരാറില്‍ നിന്നും പിന്മാറുകയും അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഡിജിപി പണം തിരികെ നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ പ്രവാസി കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 25 ന് ഉത്തരവ് വന്നിട്ടും പണം ഡിജിപി മടക്കി നല്‍കിയിരുന്നില്ല. പിന്നീടാണ് ഉമര്‍ ഷെരീഫ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രതികരണം നടത്തിയത്.
Post Your Comments