ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറും. വിജയ് കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മയുടെ പേരും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തമിഴ്‌നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകാരനായ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവനായിരുന്നു വിജയകുമാര്‍.
ALSO READ: സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരില്‍ മുക്കിലും മൂലയിലും ത്രിവര്‍ണപാതക പറക്കും
മലയാളിയായ വിജയകുമാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. തമിഴ്നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസേന ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18-നാണ് വീരപ്പനെ വധിച്ചത്. നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയകുമാര്‍ സേവനം അനുഷ്ഠിക്കുന്നത്. കശ്മീര്‍ താഴ്വരയിലെ ബി.എസ്.എഫ് ഐ.ജിയായി പ്രവര്‍ത്തിച്ച മുന്‍ പരിചയവും വിജയകുമാറിനുണ്ട്. ഭീകര വിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനായാണ് വിജയകുമാര്‍ അറിയപ്പെട്ടിരുന്നത്. 2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്സലൈറ്റ് ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സി.ആര്‍.പി.എഫ് ഐജിയായി നിയമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വലിയ നക്സല്‍ വേട്ടയ്ക്കും വിജയകുമാര്‍ നേതൃത്വം നല്‍കിയിരുന്നു.
Post Your Comments