KeralaLatest News

സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞു : ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍

 

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞു . ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലത്തെ മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരു ദിവസം കൊണ്ട് 3 അടി വെള്ളം ഉയര്‍ന്നു. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടര്‍ ഇന്നലെ വൈകിട്ട് തുറന്നു. 5 അടി കൂടി ഉയര്‍ന്നാല്‍ സംഭരണ ശേഷിയായ 2487 അടിയാകും. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടര്‍ ബുധനാഴ്ച തുറന്നിരുന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ തുറന്നു. മംഗലം ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂര്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവു കൂടിയതോടെ ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 7 ഷട്ടറുകള്‍ ഇന്നലെ വൈകിട്ടു തുറന്നു.

തൃശൂര്‍ ജില്ലയില്‍ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഷട്ടറുകള്‍ വഴിയും സ്ലൂയിസ് വാല്‍വുകള്‍ വഴിയും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഈ 3 അണക്കെട്ടിലും 50 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്.

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ തുറക്കും. 3 ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്‌സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ഇതോടെ ആങ്ങമുഴി, സീതത്തോട് മേഖലകളില്‍ ജലനിരപ്പ് ഉയരും. മഴ തുടരുന്നതിനാല്‍ കക്കാട് പദ്ധതിയുടെ അള്ളുങ്കല്‍ ഇഡിസിഎല്‍, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്, മണിയാര്‍ കാര്‍ബൊറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളില്‍ ഏതു സമയവും ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button