തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്ക് എതിരെ കെഎസ്ഇബി രംഗത്ത് എത്തി. കനത്ത മഴയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഉള്‍പ്പെടെയുളള വലിയ ഡാമുകള്‍ തുറന്നുവിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.
കെഎസ്ഇബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി തുടങ്ങി വന്‍കിട ഡാമുകളിലെല്ലാം നിലവില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളതെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയിലാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
ചില ചെറുകിട ഡാമുകള്‍ മാത്രമാണു തുറന്നു വിടേണ്ടി വന്നിട്ടുള്ളതെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി വ്യക്തമാക്കി.
Post Your Comments