തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ രണ്ടു മണിക്കൂറിനകം വെള്ളം ഉയരുമെന്നാണു അറിയിപ്പ്. പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറണം. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതല്‍ തൃത്താല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി.
അതേസമയം, മഴയില്‍ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് വടകരയിലും ഉരുള്‍പൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്.
പറമ്പികുളത്തുനിന്ന് ആളിയാറിലേയ്ക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസം നേരിട്ട സാഹചര്യത്തില്‍ തുറന്നുവിട്ട 400 ക്യുസെക്സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേയ്ക്കും വൈകാതെ ചാലക്കുടി പുഴയിലേയ്ക്കു എത്തുമെന്നുള്ളതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്
Post Your Comments