KeralaLatest News

ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കാന്‍ സാധ്യത. മഴ ഇപ്പോഴത്തെ നിലയില്‍ തന്നെ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി. അണക്കെട്ടിന് താഴെ ഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.

ALSO READ: ഡാമുകള്‍ തുറക്കുന്നതിനെ കുറിച്ച് എം എം മണിയുടെ പ്രതികരണം ഇങ്ങനെ

കബനി നദി നിറഞ്ഞ് കവിഞ്ഞതോടെ നേരത്തെ ബീച്ചനഹള്ളി അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നിരുന്നു. കബനിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. അതിതീവ്ര മഴ തുടര്‍ന്നാല്‍ വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. വയനാട്ടില്‍ മാത്രം പതിനായിരത്തോളം പേര്‍ ക്യാമ്പുകളിലാണുള്ളത്. വയനാട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിള്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. നേരത്തെ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയായിരുന്നു വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം. രാത്രി 12 മുതല്‍ രാവിലെ ആറുവരെ ചുരത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് ഇന്നലെ നിര്‍ത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ഡി ടി പി സി സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂര്‍, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്- കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button