KeralaLatest News

ഓര്‍മ്മകളില്‍ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനില്‍ക്കുക തന്നെ ചെയ്യും- തന്റെ മോചനം സാധ്യമാക്കിയ സുഷമ സ്വരാജിനെ ഓര്‍ത്ത് ജയചന്ദ്രന്‍ മൊകേരിയുടെ കുറിപ്പ്

മലയാളികള്‍ ഒരിക്കലും മറക്കാത്തയാളാണ് ജയചന്ദ്രന്‍ മൊകേരി. മാലിയില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തെ അവിടെ ജയിലിലടയ്ക്കപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. വിദേശകാര്യമന്ത്രിയായിരുന്നു സുഷമസ്വരാജിന്റെ ഇടപെടലിലൂടെയാണ് അന്ന് ജയചന്ദ്രന്റെ മോചനം സാധ്യമായിരുന്നത്. തന്റെ ജീവന്‍ രക്ഷിച്ചയാള്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അതൊരു തീരാ നഷ്ടമാണെന്ന് ഓര്‍ക്കുന്നു. ഇനിയും കാലം അനിശ്ചിതമായി ഒഴുകുമ്പോള്‍ എല്ലാം വിസ്മൃതിയിലകപ്പെടാം. പക്ഷെ ഓര്‍മ്മകളില്‍ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് ജയചന്ദ്രന്‍ മൊകേരി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: സുഷമ യാത്രയായത് സ്‌മൃതിക്ക് നൽകിയ വാക്ക് പാലിക്കാതെ.. വിതുമ്പലോടെ സ്‌മൃതി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാലദ്വീപിൽ എനിക്കെതിരെ ഉണ്ടായിരുന്ന കേസിൻ്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാൻ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോർക്കുന്നുണ്ട്.

“ഓരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട്. സ്റ്റേറ്റിലും കേന്ദ്രത്തിലും പിടിപാടുള്ളവർ അക്കൂട്ടത്തിലുണ്ട്. പക്ഷെ നിങ്ങളുടെ കേസ് സംബന്ധിച്ച് പറയുമ്പോൾ അവരിലെന്തോ ആശയക്കുഴപ്പമുണ്ട്. ഞാൻ പറയുന്നത് എത്രമേൽ ശരിയാകാം എന്ന സംശയം. ഒരുപക്ഷെ വ്യക്തിപരമായി നിങ്ങളെ അറിയാത്തതാകാം അതിന്റെ കാരണം.”

എന്നിട്ടും ഓരോ വാതിലുകളും ജ്യോതി പ്രതീക്ഷയോടെ മുട്ടിനോക്കി. തുടർന്നുള്ള യാത്രകൾ വെറും പാഴ് ശ്രമമാകുന്നത് അവൾ കണ്ടു. പ്രതീക്ഷ പകരുന്ന വാക്കുകൾക്കപ്പുറം ചില നേതാക്കളുടെ നിസ്സംഗമായ ഇടപെടലുകൾ അവളെ കഠിനമായി വേദനിപ്പിച്ചു. പതിയെ ഈ കേസ് സംബന്ധിച്ച അവരുടെ അശ്രദ്ധ അവൾക്ക് മനസ്സിലാക്കാൻ പ്രയാസമില്ലാതായി. ഒരാൾക്കെതിരെ അത്തരത്തിൽ ഒരാരോപണം വരുമ്പോൾ അതേവരെ നമ്മുടെ മാധ്യമങ്ങളും സമൂഹവും പകർന്നുനൽകിയ പ്രത്യേകമായ അളവുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കളുടേയും കാഴ്ചയെന്നത് ജ്യോതിയെ തളർത്തിയില്ലെന്നതാണ് എൻ്റെ കാര്യത്തിൽ വളരെ നിർണായകമായത്.

ALSO READ: സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗള്‍ഫിലെ പ്രവാസികള്‍

തടവിൽ നിന്ന് കിട്ടുന്ന അഞ്ച് മിനുട്ട് നീണ്ട ഫോൺ സംഭാഷണമാണ് കുടുംബത്തിലേക്കുള്ള ഒരേയൊരു വാതിൽ. അതിലൂടെ എന്നിലേക്ക് അരിച്ചെത്തുന്ന വേദനകളും നെഞ്ചിടിപ്പുകളും ശിഷ്ട നേരത്തെ തിളപ്പിച്ചുകൊണ്ടിരിക്കും. ദിവസങ്ങൾ ചെല്ലുന്തോറും മൗനിയാകുന്ന മകളെക്കുറിച്ചും പോലീസ് ശിക്ഷിക്കുമെന്നോർത്ത് ഉള്ളം കാളുന്ന മകനെക്കുറിച്ചും പാതിവെന്ത വാക്കുകളിലൂടെ എത്ര പ്രയാസപ്പെട്ടാണ് ഒരു ദിനം അവൾ സംസാരിച്ചത്. ഒടുക്കം കടുത്ത നിരാശ ബാധിച്ചെന്നപോലെ അവൾ പറഞ്ഞു.

“മടുത്തു! എന്തൊരാവസ്ഥയാണ് നിങ്ങളുടേത്…. എനിക്കിവിടെ നിങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാനാകുന്നില്ല. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.”

ALSO READ: മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായിരുന്നില്ല അവരുടെ സംസാരം; സുഷമ സ്വരാജ് തനിക്ക് മൂത്ത സഹോദരിയെപ്പോലെയാണെന്ന് ഫാ. ടോം ഉഴുന്നാലില്‍

ലക്ഷ്യം കാണാതെപോകുന്ന നിരന്തര യാത്രകളുടെ മടുപ്പ് മാസങ്ങളോളം അവളെ കാർന്നുതിന്നുകൊണ്ടിരുന്നു. എന്നിട്ടും ഒരനക്കം പിന്നോട്ടുപോകാൻ ജ്യോതി തയ്യാറായതുമില്ല.കൂടെ കൂട്ടുകാരുണ്ടായിട്ടും ആ യാത്രകൾ ഒരൊറ്റയാൾ പോരാട്ടമായി അവൾ കൊണ്ടുപോയി. ആ നിശ്ചയദാർഢ്യമാകണം ദില്ലിവരെയുള്ള തനിച്ചുള്ള യാത്രയ്ക്ക് പ്രേരണയായതും വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജിനെ നേരിൽ കണ്ട് സംസാരിക്കാൻ അവൾക്ക് സാധ്യമായതും. സുഷമ സ്വരാജ് അർഹിക്കുന്ന പരിഗണന അവളുടെ വാക്കുകൾക്ക് നൽകി. ചിലർക്ക് തോന്നിയതുപോലുള്ള ആശയക്കുഴപ്പം എൻ്റെ കേസ് സംബന്ധിച്ച് അവർക്കുണ്ടായില്ല. ആയിരക്കണക്കിന് നാഴികകൾ താണ്ടിയെത്തിയ സ്ത്രീയുടെ നൊമ്പരങ്ങൾ ഉത്തരവാദിത്തപ്പെട്ടയാൾ എന്നനിലയ്ക്ക് അവർക്ക് എളുപ്പം വായിച്ചെടുക്കാനായി. കൂടാതെ ഞാനും അവളും അവർക്ക് മക്കളെപ്പോലെയായി. എൻ്റെ മോചനകാര്യം മറ്റൊരാളെ ഏൽപ്പിക്കാതെ അവർ നേരിട്ടുതന്നെ മാലദ്വീപിലേക്ക്‌ വിളിച്ചു. ആ വിളിയിൽ തടവറ വാതിൽ എനിക്ക് മുൻപിൽ തുറക്കപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികൾ അവരെ രക്ഷകയുടെ സ്ഥാനത്ത് കാണുന്നതിൻ്റെ പൊരുൾ അതേവരെ പല വിദേശകാര്യ മന്ത്രിമാരും വിസമ്മതിക്കുന്ന വിഷയങ്ങളിലേക്ക് അവർ നിസ്വാർത്ഥമായി ഇടപെടുന്നതിലെ സന്നദ്ധതയാകണം.

ALSO READ: ഓര്‍മയില്ലേ   പാക് വിദേശകാര്യമന്ത്രിക്ക് നേരെ സുഷമ സ്വരാജ് നടത്തിയ ആ ട്വീറ്റ് യുദ്ധം  

നാല് വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ അന്തരീക്ഷം ഇപ്പോഴും മനസ്സിൽ കനലായുണ്ട്. അപ്പോഴൊക്കെയും ഓർത്ത മുഖങ്ങളിൽ ഒരാൾ സുഷമ സ്വരാജെന്ന ഞാൻ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത സ്നേഹനിധിയാണ്. ജ്യോതിയെ ചേർത്ത് നിർത്തി എന്റെ മോചനം സാധ്യമാക്കുമെന്ന് എത്ര ദൃഢനിശ്ചയത്തോടെയാണവർ പറഞ്ഞത്!

പേഴ്സണൽ സ്റ്റാഫിൽ പെട്ടെ ആരെയെങ്കിലും ചുമതലപ്പെടുത്തി, ജ്യോതിയെ പറഞ്ഞയക്കുന്നതിന് പകരം നേരിട്ടു തന്നെ മാലദ്വീപിലെ ഇന്ത്യൻ എംബസിയിലേക്ക് അവർ വിളിക്കുകയായി. അതെന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള വഴിത്തിരിവായത് വളരെ പെട്ടെന്നാണ്‌.

‘തക്കിജജ’യിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ജയിലിന്റെ കുടുസ്സുമുറിയിൽ ഞാൻ നേരിട്ടനുഭവിച്ച ദുരന്തരംഗങ്ങളുടെ അന്തരീക്ഷം മാത്രമാണുള്ളത്. തടവിലുള്ളപ്പോൾ പുറത്തെന്ത് നടന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. അതിനവിടെ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നതുമില്ല. ആ നിലയ്ക്കാണ് ദ്വീപിലേക്ക് ആവശ്യത്തിന് ജലമെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യം പുസ്തകത്തിൽ പരാമർശിക്കപ്പെടാതെ പോയതും. ജോമാത്യുവിന്റേയും മൊയ്തു വാണിമേലിന്റേയും അനുബന്ധ കുറിപ്പുകളിലാണ് എന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നത്. സുധീർനാഥിന്റെ എഫ്. ബി പോസ്റ്റിൽ ഈ വിഷയം വന്നതുകൊണ്ടാണ് അതിന്റെ നിജസ്ഥിതി ഇവിടെ വെളിപ്പെടുത്തുന്നത്. (തലസ്ഥാന നഗരിയായ മാലെയിൽ കടൽജലം ശുദ്ധീകരിച്ചാണ് കുടിവെള്ളമെത്തിക്കുന്നത്. അതിനുള്ള പ്ലാന്റ് തകരാറിലായതാണ് ദ്വീപുകാർ ഇന്ത്യയോട് ആവശ്യമുള്ള കുടിവെള്ളം ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യ വിരുദ്ധ നയമായിരുന്നു ദ്വീപ് സർക്കാർ അക്കാലത്ത് നമ്മളോട് പുലർത്തിയിരുന്നത്!)

ALSO READ: കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് വാദിച്ചതിനുള്ള ഫീസ് ബാക്കി; ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി;- ഹരീഷ് സാല്‍വ

ഇനിയും കാലം അനിശ്ചിതമായി ഒഴുകുമ്പോൾ എല്ലാം വിസ്മൃതിയിലകപ്പെടാം. പക്ഷെ ഓർമ്മകളിൽ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനിൽക്കുക തന്നെ ചെയ്യും. എന്നെങ്കിലുമൊരിക്കൽ സുഷമ സ്വരാജെന്ന, നിരവധി ജനങ്ങളുടെ ആരാധ്യ വനിതയെ കാണുമെന്ന് കരുതി. “തക്കിജജ”യുടെ ഇംഗ്ലീഷ് പരിഭാഷയുമായി അവരെ ചെന്ന് കാണുന്ന ദിനങ്ങൾ സ്വപ്നം കണ്ടു. ഒന്നിനും കഴിഞ്ഞില്ല.

ജീവിതം അങ്ങനെയൊക്കെയാണ്. ആശിക്കുന്നതെല്ലാം കൈയ്യെത്തും ദൂരത്ത് നിർത്തി നമ്മെ മോഹിപ്പിച്ച് വശംകെടുത്തുന്ന ഒരുതരം മാസ്മരികത ഓരോ ജീവിതവും പേറുന്നുണ്ട്. ഒടുക്കം ശൂന്യതയിലേക്കെന്ന മട്ടിൽ മടക്കം.

ആ നല്ലമനസ്സിന് ഈ ഈയുള്ളവന്റ പ്രണാമം. അനന്തനിദ്രയ്ക് നമ്മുടെയെല്ലാം അശ്രുപൂജ.

സ്നേഹത്തോടെ,
-ജയചന്ദ്രൻ മൊകേരി

https://www.facebook.com/photo.php?fbid=10219982054729593&set=a.2073845693632&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button