![](/wp-content/uploads/2019/08/sushama-swaraj.jpg)
ഒരു രാഷ്ട്രീയക്കാരനോ ഭരണാധികാരിയോ എത്രമാത്രം ജനങ്ങള്‍ക്ക് കയ്യെത്തുന്ന അകലത്താണെന്ന് ലോകത്തെ പഠിപ്പിച്ചാണ് സുഷമ സ്വരാജ് എന്ന മുന്‍ കേന്ദ്രമന്ത്രി യാത്രയാകുന്നത്. ജനങ്ങളുമായി സൗഹൃദത്തിലാകാനും അവരുടെ പ്രശ്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കാനും സുഷമ സ്വരാജ് ഉപയോഗിച്ച മാധ്യമം ട്വിറ്ററായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ സോഷ്യല്‍ മീഡിയ വഴിയുള്ള അടിയന്തര പ്രതികരണങ്ങളിലൂടെ അവര്‍ നുൂറുകണക്കിന് പ്രവാസികള്‍ക്കാണ് ആശ്വാസമായത്.
ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനൊപ്പം അധികാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കാനും സുഷമ സോഷ്യല്‍ മീഡിയ തന്നെ ഉപയോഗിച്ചു. പാകിസ്ഥാന് മുന്‍ വിദേശകാര്യമന്ത്രി സര്‍താജ് അസീസായിരുന്നു സുഷമയുടെ ട്വീറ്റ് ആക്രമണത്തിന് വിധേയനായ ഒരാള്‍. പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷന് ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന് വിസ ആവശ്യപ്പെട്ട് അയച്ച കത്തിന് സര്‍താജ് അസീസ് മറുപടി നല്‍കാഞ്ഞതാണ് അന്ന് സുഷമയെ ചൊടിപ്പിച്ചത്. ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പാകിസ്ഥാന് സൈനിക കോടതി കല്ഭൂഷണ് യാദവിന് വധശിക്ഷ വിധിച്ചത്.
ട്വീറ്റുകളുടെ പരമ്പരയിലൂടെയായിരുന്നു സുഷമ സ്വരാജ് പാകിസ്ഥാന് മന്ത്രിയെ ആക്ഷേപിച്ചത്. ഇക്കാര്യത്തില്‍ താന്‍ വ്യക്തിപരമായി അയച്ച കത്തിന് പോലും മറുപടി നല്കാന് സര്‍താജ് കുൂട്ടാക്കിയിട്ടില്ലെന്ന് പരസ്യമായി തുറന്നടിച്ചു അന്ന് സുഷമ. ട്വീറ്റുകളുടെ അവസാനം എതിരാളികള്ക്ക ്പോലും ബഹുമാനം തോന്നുന്ന തന്റെ ശൈലി അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സര്‍താജ് അസീസിന്റെ ശുപാര്‍ശപ്രകാരം ഏതെങ്കിലും പാക് പൗരന് മെഡിക്കല്‍ വിസ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ അത് ഇഷ്യു ചെയ്യുമെന്ന് താന്‍ ഉറപ്പ് നല്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു അന്ന് സുഷമ സ്വരാജ് ട്വീറ്റ് അവസാനിപ്പിച്ചത്. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഈ ട്വീറ്റ് യുദ്ധം.
Post Your Comments