Latest NewsIndia

കശ്മീര്‍ പ്രശ്‌നം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവിനല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയവും ബില്ലുകളും ലോക് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.

”ജമ്മു കശ്മീരിനെ ഏകപക്ഷീയമായി കീറിക്കളയുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും”. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

 

ALSO READ: കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌

രാജ്യസഭയില്‍ ഇന്നലെ ബില്ല് പാസ്സാക്കിയിരുന്നെങ്കിലും ഇന്നാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്‍മേല്‍ ഒരു നിലപാടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. കശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു, അന്നത്തെ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുമായി നടത്തിയ ചര്‍ച്ചകള്‍ക്കും, വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി ഭരണഘടനാ അനുച്ഛേദം 370 ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ക്കുന്നത്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി ആ നീക്കം ”ചരിത്രപരമായ തെറ്റാണെ”ന്നാണും സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്നുവെന്നുമാണ് പറഞ്ഞത്.

ALSO READ: ജമ്മുകശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു. ”370-ാം അനുച്ഛേദം ഭരണഘടനയില്‍ വേണ്ടതില്ലെന്നാണ് എന്റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്”, ഹൂഡ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button