Latest NewsIndia

ചരിത്രം കുറിച്ചു; കാശ്‌മീർ പ്രശനത്തിന് പരിഹാരം തകർന്നത് കോൺഗ്രസും പ്രതിപക്ഷവും : നരേന്ദ്ര മോദി – അമിത് ഷാ സംഘം നടപ്പാക്കിയത് അനവധി വർഷത്തെ സ്വപ്നം – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ജമ്മു കാശ്‌മീർ പ്രശ്നത്തിൽ കോൺഗ്രസ് ചെന്ന് പെട്ടത് വലിയ പ്രതിസന്ധിയിലാണ്. ഇന്നലെ രാജ്യ സഭയിൽ കാശ്മീർ ബിൽ പാസാവുമ്പോൾ തകർന്നടിഞ്ഞത് പ്രതിപക്ഷമാണ്. എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസുകാർ നെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. രാജ്യസഭയിൽ സർക്കാരിന് ഭൂരിപക്ഷമില്ല എന്നതാണ് ഓർക്കേണ്ടത്. അവിടെയാണ് ഇത്രയേറെ കോൺഗ്രസും പ്രതിപക്ഷവും എതിർക്കുന്നു എന്ന് പറയുന്ന ബിൽ വലിയ ഭൂരിയപക്ഷത്തോടെ പാസായത്. കാശ്മീരിന് അനാവശ്യമായി നൽകിയ പ്രത്യേകാധികാരങ്ങൾ എടുത്തുകളഞ്ഞുകൊണ്ട് ആ സംസ്ഥാനത്തെ ഇന്ത്യയുടെ പൂർണ്ണ ഭാഗമാക്കുകയാണ് അതിലൂടെ നരേന്ദ്ര മോഡി സർക്കാർ ചെയ്തത്. അത് ഒരു സംശയവുമില്ല ഒരു ചരിത്ര മുഹൂർത്തമാണ്; ചരിത്ര സംഭവമാണ്.

ഇവിടെ സാധാരണ നിലക്ക് എല്ലാവരും പ്രതീക്ഷിക്കുന്നത് എന്താവും?. അത്രയേറെ വിവാദമായ ഒരു വിഷയമാണല്ലോ. രാജ്യമെമ്പാടും കലാപമുണ്ടാവും എന്നതല്ലേ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അവരുടെ വാലാട്ടികളും പറഞ്ഞുകൊണ്ട് നടന്നിരുന്നത്. ബിജെപിക്കെതിരെ സർവരും രംഗത്ത് വരുന്നതല്ലേ അവിടെ കാണേണ്ടിയിരുന്നത്. എന്നാൽ എന്തുണ്ടായി?. അടുത്തകാലത്തൊക്കെ ബിജെപി വിരുദ്ധ പക്ഷത്തു നിന്നിരുന്ന അനവധി പാർട്ടികൾ ഇക്കാര്യത്തിൽ സർക്കാരിനൊപ്പമായത് എന്തുകൊണ്ട്. ഒരു പാർട്ടിയല്ല അനവധി പേര്. ശരദ് പവാറിനെപ്പോലുള്ളവർ ഇതിനെതിരെ രംഗത്ത് വന്നില്ല എന്നതുമോർക്കണം. മായാവതി, ചന്ദ്രബാബു നായിഡു, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി , എന്തിന് ഡൽഹിയിലെ കെജ്‌രിവാളിന്റെ പാർട്ടി പോലും കോൺഗ്രസിനൊപ്പം നടക്കാൻ സന്നദ്ധമായില്ല. ഡിഎംകെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, സമാജ്‍വാദി പാർട്ടി എന്നിവമാത്രമല്ലേ കോൺഗ്രസിനൊപ്പം നിന്നത്. അവയുടെ ഒക്കെ രാഷ്ട്രീയ പ്രസക്തി ഇപ്പോൾ വിശദീകരിക്കേണ്ടതുമില്ലല്ലോ. മുഖ്യ പ്രതിപക്ഷ കക്ഷി എന്ന നിലക്ക് കോൺഗ്രസിന് ഒന്നും ചെയ്യാനായില്ല. മാത്രമല്ല അവരുടെ എംപിയും രാജ്യസഭയിലെ വിപ്പുമായ ഭുബനേശ്വർ കാലിത പാർട്ടി നയത്തിൽ പ്രതിഷേധിച്ച് എംപി സ്ഥാനം പോലും രാജിവെച്ചു. ഉപരിസഭയിൽ തിങ്കളാഴ്ച വിപ്പ് നല്കാൻ പോലും ആളില്ലാത്ത നിലയിലേക്ക് ആ പാർട്ടി എത്തി എന്നർത്ഥം

ഈ പ്രശ്നം എന്തുകൊണ്ട് കാശ്മീരി ജനതയോട് ചർച്ചചെയ്തില്ല എന്നതാണ് പ്രതിപക്ഷത്തെ ചിലർ ചോദിക്കുന്നത്. അതാണ് അവർ കാണുന്ന ഒരു പോരായ്മ. എന്നാൽ അവർ മറന്നുകൂടാത്ത കുറേക്കാര്യങ്ങളുണ്ട്; അത് ഓരോന്നായി കുറിക്കാം. തിങ്കളാഴ്ച ലോകസഭയിലും അടുത്ത ദിവസം ലോകസഭയിലും ഇത് സമഗ്രമായി ചർച്ചചെയ്തില്ലെ. അവിടെ കാശ്മീരിൽ നിന്നുള്ള എംപിമാരും ഉണ്ടായിരുന്നല്ലോ. അതല്ലേ ഒരു നിയമനിർമ്മാണത്തിൽ നടക്കുക. അല്ലാതെ ഓരോ സംസ്ഥാനത്തെയും ജനതയെ മുഴുവൻ കേട്ടുകൊണ്ട്,അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് എന്താണ് കോൺഗ്രസുകാർ ചെയ്തിട്ടുള്ളത്? കാശ്മീരിൽ ഇപ്പോൾ രാഷ്‌ട്രപതി ഭരണമാണ്. അതുകൊണ്ട് ആ നിയമസഭ നിലവിലില്ല. ആ അധികാരങ്ങൾ ഇന്നിപ്പോൾ ഗവര്ണരിലാണ്, കേന്ദ്ര സർക്കാരിലാണ്. അതാണ് രാഷ്‌ട്രപതി പരിശോധിച്ചത്, പരിഗണിച്ചത്. അത് നിയമാനുസൃതമാണ്. മറ്റൊന്ന് അനുച്ഛേദം 370 റദ്ദാക്കാവുന്നതാണ് എന്നും അതിന് രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അനുച്ഛേദം 370(3 )-ൽ പറയുന്നുമുണ്ടല്ലോ. അതല്ലാതെ ഇല്ലാത്ത അധികാരം ഇന്ത്യയുടെ ഒരു രാഷ്‌ട്രപതി പ്രയോഗിക്കും എന്ന് കരുതുന്നത് തന്നെ വിവരക്കേടല്ലേ. ശരിയാണ്, കോൺഗ്രസുകാർ അതൊക്കെ ചെയ്തിട്ടുണ്ട്, അടിയന്തരാവസ്ഥക്കാലത്ത്.

അനുച്ഛേദം 370 ഈ രാജ്യത്ത് സജീവ ചർച്ചാവിഷയമായത് ഇന്നോ ഇന്നലെയോ അല്ലല്ലോ. അത് ഭരണഘടനയിൽ എഴുതിച്ചേർക്കുന്നതിനെതിരെ പോലും ശക്തമായ എതിർപ്പ് ഉണ്ടായതാണ്. അതൊരു ഗുരുതരമായ പ്രശ്നമാണ് എന്ന് കരുതിയവരാണ് ഭരണഘടനാ നിർമ്മാണ സഭയിലുണ്ടായിരുന്ന പലരും. ശ്യാമപ്രസാദ് മുഖർജി നെഹ്രുവുമായി ഇടയുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നിതായിരുന്നു, യഥാർഥത്തിൽ ഈ അനുച്ഛേദം ഇന്ത്യയിൽ ചർച്ച ചെയ്തുതുടങ്ങിയത് അത് ഭരണഘടനയിൽ ചേർക്കാൻ നീക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. അതൊരു അധാർമ്മിക നടപടിയായിരുന്നു. ഇന്ത്യ സ്വതന്ത്രയായതിന്റെ ഗുണം ഇല്ലാതാക്കുന്നത് കൂടിയായിരുന്നു. ഇന്ത്യക്കുള്ളിൽ മറ്റൊരു രാജ്യം എന്നതായിരുന്നുവല്ലോ ആ നീക്കത്തിലൂടെ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും സൃഷ്ടിച്ചത്. അത് രാഷ്ട്രവിരുദ്ധമായിരുന്നു എന്നതിൽ ആർക്കാണ് സംശയം. അതിനെതിരെ രാജ്യമെമ്പാടും പ്രചാരണം നടത്തിയവരാണ് ജനസംഘക്കാർ. അത് 1952 ൽ തുടങ്ങിയതാണ്…… ദീർഘമായ 67 വർഷക്കാലം. ഇന്ത്യയെ ഒന്നായി കാണാൻ ആഗ്രഹിച്ചവർ ഒക്കെ അതിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ അതിൽ പങ്കാളിയായി. അന്ന് തുടങ്ങിയ പ്രചാരണ ബോധവൽക്കരണ പദ്ധതിയുടെ പരിസമാപ്തിയാണ് ഇപ്പോൾ കണ്ടത്.

1953 ജൂൺ 23 -ന് കാശ്മീരിലെ ഷെയ്ഖ് അബ്ദുള്ളയുടെ ജയിലിൽ വെച്ച് ഡോ. ശ്യാമപ്രസാദ് മുഖർജി അന്തരിച്ചത് എന്തിന് വേണ്ടിയായിരുന്നു എന്നതും സ്മരിക്കേണ്ടതുണ്ട്. അനുച്ഛേദം 370 നെതിരെയാണ് മുഖർജി സമരം ചെയ്തത്. അതിനായി കാശ്മീരിലെത്തി. അവിടെവെച്ച് ഷെയ്ഖ് അബ്ദുള്ള സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ആ ജയിൽ വാസത്തിനിടയിലാണ് അന്ത്യം സംഭവിച്ചത്. അത് ദുരൂഹമായ മരണമായിരുന്നു; എന്നാൽ അതിനെക്കുറിച്ച് ഒരു അന്വേഷണം വേണ്ടവിധം നടന്നില്ല. ആ മുഖർജിയുടെ പിന്ഗാമികളാണ് ബിജെപിക്കാർ, നരേന്ദ്ര മോദിയും അമിത് ഷായും. അവർ ഇന്ന് ഏറ്റെടുത്തത് മുഖർജിയുടെ സന്ദേശമാണ്.

ഇതോടെ കാശ്മീരിന് വലിയ മാറ്റമാണ് ഉണ്ടാവാൻ പോകുന്നത്, സംശയമില്ല. ഇനി അവിടെ ആർക്കും സ്ഥലം വാങ്ങാൻ വിലക്കില്ല. ഇന്ത്യയിലെ എല്ലാ നിയമങ്ങളും അവർക്ക് ബാധകമായി. കാശ്മീരിൽ നിന്ന് വിവാഹം കഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ പെൺകുട്ടികൾക്ക് ഇനി അവിടെ സ്വത്തവകാശം ലഭിക്കും. ഇതുവരെ കാശ്മീർ നിയമസഭയിൽ പട്ടികജാതി വർഗക്കാർക്ക് സംവരണം ഇല്ലായിരുന്നു. അതും ഇനി ലഭിക്കും. കശ്മീർ ഇനി ഇന്ത്യയുടേതാവും എന്ന് ചുരുക്കം. അത് കുറച്ചുപേർക്ക് വിഷമമുണ്ടാക്കുമായിരിക്കും. എന്നാൽ ഇന്ത്യ ഒട്ടാകെ ഇന്ത്യൻ ജനത മുഴുവൻ അതിനൊപ്പമാണ്. അത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകഴിഞ്ഞു. മാത്രമല്ല കാശ്മീരിന് വലിയ വികസന പദ്ധതികൾ അടുത്തുതന്നെ പ്രതീക്ഷിക്കാം. ഇന്ത്യക്കൊപ്പം ഇനി മുതൽ കാശ്മീരുമുണ്ടാവും എന്നർത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button