ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ എന്തുനിയമാണ് തെറ്റിച്ചിരിക്കുന്നതെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമായി കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലേയെന്നും അമിത് ഷാ ചോദിച്ചു.
കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധുരിയോട് ശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി പറഞ്ഞത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ജിവന്‍ കൊടുത്തും അത് നിലനിര്‍ത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ല് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധുരി ആരോപിച്ചു. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളം തുടങ്ങി. ബില്ല് പാസ്സാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ് – അമിത് ഷാ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
Post Your Comments