ന്യൂഡല്‍ഹി: ഇന്നലെ കാശ്മീരിനെ വിഭജിക്കാനും പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തതോടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നടപടി വിശദീകരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യ പ്രതിനിധികളോട് കാര്യങ്ങള്‍ ഇന്ത്യ വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ പ്രതിനിധികള്‍ക്കുമുന്നിലും വിദേശകാര്യമന്ത്രാലയം കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ മികച്ച ഭരണവും സാമ്ബത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.അമേരിക്കയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നടപടിയെ കുറിച്ച് ധാരണ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിന് പിന്നാലെ ഇന്ത്യ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കൂടുതല്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരില്‍ സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോട് അടുത്ത ദിവസം ഇന്ത്യ നിലപാട് വിശദീകരിക്കും. ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ പാക്കിസ്ഥാന്‍ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ത്യ നയതന്ത്രതലത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്കും തുടക്കമിട്ടത്.
Post Your Comments