പെരുമ്പാവൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ പോലീസ് പിടികൂടി. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പെരുമ്പാവൂര്‍ സ്വദേശി ബി.പി. ബേബിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാടാണ് കുട്ടിക്കടത്ത് കൂടുതല്‍ നടന്നത്.
മൂന്നു വര്‍ഷത്തിനിടെ പാലക്കാട് 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2011-ല്‍ 952, 2012-ല്‍ 1079, 2013-ല്‍ 1208, 2014-ല്‍ 1229, 2015-ല്‍ 1630 എന്നിങ്ങനെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളുടെ കണക്ക്.പലയിടത്തും വീടുകളുടെ മുന്നില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചത് നേരത്തേ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, ഭയക്കേണ്ടതില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ പ്രചരണം കെട്ടുകഥയാണെന്നു പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടും പറയുന്നു.
കുട്ടികളുള്ള വീടുകള്‍ മുന്‍കൂട്ടി കണ്ടുവച്ച് തട്ടിക്കൊണ്ടുപോകുന്നതാണ് ഇത്തരം സംഘങ്ങളുടെ പുതിയ രീതി. എന്നാല്‍ ഭിക്ഷാടക മാഫിയയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതെന്നതിന് വ്യക്തമായ തെളിവുകളില്ല. കേരളത്തിനകത്തു മാത്രം പ്രവര്‍ത്തിക്കുന്ന സംഘങ്ങളും തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍നിന്നു വരുന്ന സംഘങ്ങളുമാണ് ഭിക്ഷാടന മാഫിയയിലുള്ളത്.
ആദ്യസംഘം ജില്ലകളിലോ പട്ടണങ്ങളിലോ കേന്ദ്രീകരിച്ച് നേതാവിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം. മേഖല തിരിച്ചാണു ഇവരുടെ ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തില്‍ ലഹരി വില്‍പനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചു മോഷ്ടാക്കള്‍ക്കു വിവരം ലഭിക്കുന്നതും ഇവരില്‍നിന്നാണ്.
രണ്ടാമത്തെ വിഭാഗം, ഒന്നോ രണ്ടോ രാത്രി കേരളത്തില്‍ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്നവരാണ്, ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവര്‍. നാലു വയസു വരെയുള്ളവരെയാണു ലക്ഷ്യമിടുക. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാലും വീടിനെയും നാടിനെയും കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികള്‍ക്കു പറയാന്‍ കഴിയാത്തതും ഇത്തരക്കാര്‍ക്കു ഗുണകരമാണ്.
Post Your Comments