ന്യൂഡല്‍ഹി: ഭരണഘടന പ്രകാരം കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. എന്നാല്‍ കശ്മീരിലെ സ്ഥിതിഗതികള്‍ കലുഷിതമായതോടെ പ്രതികരണങ്ങളുമായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കുന്നത് കശ്മീരിലെ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണെന്നും കേന്ദ്ര നീക്കത്തിന് പിന്നിലെ രാഷ്ട്രീയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ദേശീയ നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ ഭീതി പടര്‍ത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് എന്തിന് വേണ്ടിയാണെന്നും രാജ്യ സുരക്ഷയില്‍ എല്ലാവരും തത്പരരാണ്, അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുന്നത് കശ്മീരിലെ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പകരം അവരെ അകറ്റുന്ന നടപടി എടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം’- കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള, ജനാധിപത്യവാദികളായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്ക് ഒപ്പമുണ്ടാകും. പാര്‍ലമെന്റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശബ്ദം അവസാനിച്ചിട്ടില്ല’- എന്നായിരുന്നു ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തത്.
Post Your Comments