ഇസ്‌ലാമാബാദ്:ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു ‘കടുംകൈ’യ്ക്കും ‘ആക്രമണ’ത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയുടെ (എന്‍.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്. പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളില്‍ ഇന്ത്യ ക്ലസ്റ്റര്‍ ബോംബിട്ടെന്ന് പാക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം.
പാകിസ്താന്റെ ആരോപണം ‘നുണയും ചതി’യുമാണെന്ന് ഇന്ത്യന്‍സേന ശനിയാഴ്ച പറഞ്ഞിരുന്നു.’ഇന്ത്യയുടെ പ്രവൃത്തികള്‍ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂര്‍വമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതര്‍ക്കമാണ് കശ്മീരെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചുപറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നു’ -പ്രസ്താവന പറയുന്നു.
അതെ സമയം ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍. ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂര്‍ ജില്ലകളിലും കശ്മീര്‍ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കാഷ്മീരില്‍ നടക്കുന്ന സൈനിക വിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നാണു സൂചന. അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ഥാടകരും വിനോദയാത്രികരും എത്രയുംവേഗം കാഷ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്കി. 35,000 സൈനികരെയാണ് കേന്ദ്രം പുതുതായി കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
Post Your Comments