ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘടിക്കുന്നതിയും യോഗം ചേരുന്നതിനും വിലക്കും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുത്തു. ഞായറാഴ്ച അര്‍ധരാത്രിയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശ്രീനഗര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആഗസ്ത് അഞ്ച് മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നിട്ടുണ്ട്.
ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറില്‍ മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിഛേദിച്ചിരുന്നു.വിവിധ പ്രദേശങ്ങളില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. ഉത്തരവ് പിന്വലിക്കുന്നതുനരെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടഞ്ഞുകിടക്കും. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിഛേദിച്ചതായി ജമ്മു സോണ്‍ ഐജി വ്യക്തമാക്കി.
മുന്‍കരുതലിന്റെ ഭാഗമായി സ്കൂളും കോളേജും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജമ്മു, ഉദ്ധംപൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി അറിയിച്ചിട്ടുണ്ട്. അതേസമയം ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലില്‍ ആക്കിയതായും റിപ്പോര്‍ട്ടുണ്ട്. താന്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്.
കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കാഷ്മീരില്‍ നടക്കുന്ന സൈനിക വിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നാണു സൂചന. അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ഥാടകരും വിനോദയാത്രികരും എത്രയുംവേഗം കാഷ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്കി. 35,000 സൈനികരെയാണ് കേന്ദ്രം പുതുതായി കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
Post Your Comments