അസാധാരണമായ സ്ഥിതിഗതികളിലൂടെയാണ് കാശ്മീര്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സേനാവിന്യാസം കൂട്ടിയതോടെയാണ് കശ്മീര്‍ ആശങ്കകളുടെ നിഴലിലായത്. തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അമര്‍നാഥ് യാത്ര നിര്‍ത്തിവയ്ക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം കശ്മീര്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങളായി കാശ്മീരില്‍ വന്‍ സൈനിക വിന്യാസമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച 10,000 സൈനികരെ വിന്യസിച്ചതിന് പുറമേ 25,000 സൈനികരെക്കൂടി വ്യോമമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചതായി വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആർട്ടിക്കിൾ 370, 35A റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സുരക്ഷ ശക്തമാക്കുന്നത് എന്ന തരത്തില്‍ ചര്‍ച്ചകളും അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.
കാശ്മീരിൽ വൻ സൈനിക നീക്കം നടത്തുന്ന മോദി സർക്കാർ ഐതിഹാസിക നടപടികൾക്ക് തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് ചര്‍ച്ചകള്‍. കശ്മീരിനു പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ 370–ാം വകുപ്പും സ്ഥിര താമസക്കാര്‍ക്കു ഭൂമി ഉടമസ്ഥതയടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നതും പുറത്തുനിന്നുള്ളവര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതുമായ ആര്‍ട്ടിക്കിള്‍ 35 എയും പിൻവലിക്കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കശ്മീര്‍ കേന്ദ്രഭരണ പ്രദേശമക്കുമെന്നും ജമ്മു ലഡാക്ക് മേഖലകള്‍ ഒരു സംസ്ഥാനമാക്കി മാറ്റുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാക്കധീന കാശ്മീർ പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത് ഭാരതത്തിന്റെ മാറ്റാന്‍ ഒരുങ്ങുന്നു എന്ന് പറയുന്നവരും കുറവല്ല.
സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരിലെങ്ങും ദേശീയപതാകയുയര്‍ത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ജമ്മുകശ്മീരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് നിര്‍ദ്ദേശിച്ച് ബ്രിട്ടണും ജര്‍മ്മനിയും രംഗത്തെത്തി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജമ്മുവിലേക്കുള്ള യാത്ര പൗരന്‍മാര്‍ ഒഴിവാക്കണമെന്നാണ് ഇരു രാജ്യങ്ങളും പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശം. കശ്മീര്‍ സന്ദര്‍ശിക്കാനായി എത്തിയിട്ടുള്ളവര്‍ എത്രയും വേഗം യാത്ര വെട്ടിച്ചുരുക്കണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഒറ്റയ്ക്കോ, അംഗീകാരമില്ലാത്ത ഗൈഡുകള്‍ക്കൊപ്പമോ യാത്ര ചെയ്യരുതെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ടെന്റടിച്ച് താമസിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ കണ്ടു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നാണ് ഇതിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഒരറിവും ലഭിച്ചിട്ടില്ല. കശ്മീരിൽ കൂടുതൽ സേനയെ വിന്യസിച്ചതു സുരക്ഷാ കാരണങ്ങൾ കൊണ്ടു മാത്രമാണ്. അതിനാൽ ഇവ രണ്ടും കൂട്ടിച്ചേർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും മാലിക് വ്യക്തമാക്കി.
എങ്കിലും അഭ്യൂഹങ്ങള്‍ക്ക് അവസാനമായിട്ടില്ല. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പോകുന്ന അസാധാരണ അത്ഭുത നടപടികൾക്കായി എന്തായിരിക്കും എന്നാണ് ലോകം നെഞ്ചിടിപ്പോടെ നോക്കുന്നത്.
Post Your Comments