പാലക്കാട്: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് ഇപ്പോള്‍ 1000 രൂപയാണ് പിഴ. എന്നാല്‍ പാലക്കാട് എസ്.ബിഐ. ജങ്ഷനിലെത്തിയ പൊലീസ് സംഘം പിഴയ്ക്ക് പകരം നല്‍കിയത് ലഡുവാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് ട്രാഫിക് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്.
ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരെയെല്ലാം തടഞ്ഞു. 1000 രൂപ പോയെന്ന് കരുതിയവരെ അമ്പരിപ്പിച്ച് പൊലീസ് നീട്ടിയത് ലഡു. ‘ഇന്നു ലഡു തിന്നോളു, നാളെമുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കും’ എന്ന മാധുര്യമുള്ള താക്കീതാണ് പൊലീസ് നല്‍കിയത്. അരമണിക്കൂറിനുള്ളില്‍ 150 പേര്‍ക്കാണ് ഈ മാധുര്യമുള്ള താക്കീത് നല്‍കിയത്.
ലഡു വിതരണസമയത്ത് ട്രാഫിക് എസ്.െഎ. മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മറ്റ് പോലീസുകാരെല്ലാം സാധാരണ വേഷത്തിലായിരുന്നു. ഒരാഴ്ചയായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനമോടിച്ചവര്‍ക്കും മീറ്ററിടാത്ത ഓട്ടോക്കാര്‍ക്കും ബോധവത്കരണം നല്‍കിയെങ്കിലും വേണ്ടത്ര ഫലംകണ്ടില്ല. ഇതോടെയാണ് വ്യത്യസ്തമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് പാലക്കാട് ട്രാഫിക് എസ്.െഎ. മുഹമ്മദ് കാസിം പറയുന്നു.
Post Your Comments