കോഴിക്കോട്: മോഷണക്കുറ്റം ചുമത്തി ബ്‌ളാക്ക് മെയ്‌ലിങ്ങിലൂടെ ഐ.ഐ.ടി പ്രഫസറില്‍ നിന്നു പണവും വാച്ചും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ പോലീസ് റെയ്‌ഡ്. കോഴിക്കോട് മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സിവില്‍ സ്‌റ്റേഷനിലെ, കോര്‍പറേറ്റ് ഓഫീസിലാണ് കസബ എസ്.ഐ: വി.സിജിത്തിന്റെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്തിയത്. കോര്‍പറേറ്റ് ഓഫീസില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു റെയ്‌ഡ്.
പ്രഫസറുടെ ഒരു ലക്ഷം രൂപ ഭീഷണിപ്പെടുത്തി സ്വൈ പ്പ് ചെയ്‌ത് എടുത്തതിന്റെ രേഖകള്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പോയ ഹെപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ച് മാനേജരും വടകര സ്വദേശിയുമായ യാഹിയയ്‌ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഖരഗ്‌പൂര്‍ ഐ.ഐ.ടിയിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ ഓഫീസര്‍ പ്രഫ:പ്രശാന്ത് ഗുപ്‌തയാണ് കഴിഞ്ഞദിവസം തട്ടിപ്പിനിരയായത്. കോഴിക്കോട് എന്‍.ഐ.ടിയില്‍ പ്ര?ജക്‌ട് വര്‍ക്കിന്റെ ഭാഗമായി എത്തിയതായിരുന്നു ഗുപ്‌ത.
മാവൂര്‍ റോഡിലെ സ്വകാര്യ ലോഡ്‌ജിലായിരുന്നു താമസം. കഴിഞ്ഞ 31ന് വൈകിട്ടാണ് ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇദ്ദേഹം സാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്. ഭാര്യയ്‌ക്ക് ലിപ്‌സ്‌റ്റിക്ക് തെരയുന്നതിനിടയില്‍ ഫോണ്‍ വന്നപ്പോള്‍ റേഞ്ച് കുറവായതിനാല്‍ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങി. ഈ സമയത്ത് മൂന്നു ലിപ്‌സ്‌റ്റിക്ക് റോളുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇതുകണ്ട ജീവനക്കാര്‍ മോഷ്‌ടാവാണെന്ന് ആരോപിച്ച് പ്രഫസറെ തടഞ്ഞുവയ്‌ക്കുകയും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയി രണ്ടുമണിക്കൂറോളം പൂട്ടിയിടുകയുമായിരുന്നു.
വിലകൂടിയ വാച്ച്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, 7500 രൂപ എന്നിവ പിടിച്ചുവാങ്ങി. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സൈ്വപ്പിംഗ് മെഷിനില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിപ്പിച്ച് ജീവനക്കാര്‍ തട്ടിയെടുത്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പിറ്റേദിവസം രണ്ടര ലക്ഷം രൂപയുമായി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ ഹാജരാകന്‍ നിര്‍ദേശിച്ചു. തട്ടിപ്പു മനസിലാക്കിയ പ്രഫസര്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നാല് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിനു കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമാലിനുവേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സമാന രീതിയില്‍ മുമ്പ് മാളിലെത്തിയ പെണ്‍കുട്ടികളെയും ഇവര്‍ ദുരുപയോഗം ചെയ്‌തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ മോഷണം ആരോപിച്ച് ഇടിമുറിയില്‍കൊണ്ടുപോയി അപമാനിച്ച സംഭവവുമുണ്ടായി. ഈ രീതിയില്‍ ഉപയോക്‌താക്കളെ മാളിലെ പ്രത്യേക ഇടിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി കൈകാര്യം ചെയ്യാറാണ് പതിവ്. യാഹിയയുടയെ എരഞ്ഞിപ്പാലത്തെ “പ്രത്യേക ഓഫീസി”ലേക്കു വിളിച്ചുവരുത്തിയാണു ബ്‌ളാക്ക് മെയിലിങ്ങും പണം തട്ടലും.
ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാണെന്നു പോലീസ് പറഞ്ഞു. മാളില്‍ എത്തിയവരെ കുടുക്കാന്‍ പ്രത്യേക ക്വട്ടേഷന്‍ സംഘം തന്നെയുണ്ട്. തട്ടിപ്പിനിരയാക്കിയവരില്‍ നിന്നും പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പ്രത്യേകം ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. ഉടമയുടെ അറിവോടെയാണു തട്ടിപ്പ് നടക്കുന്നതെന്നു പോലീസ് സംശയിക്കുന്നു.
Post Your Comments