തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഷാജി എന്ന എസ്ഡിപിഐ പ്രവര്‍ത്തകനുമുണ്ടായിരുന്നെന്നാണ് ആക്രമണത്തില്‍ പരിക്കേറ്റ വിബീഷിന്റെ മൊഴി. പ്രദേശത്തുളളവര്‍ തന്നെയാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നും നൗഷാദായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും വിബീഷ് പറഞ്ഞു. നൗഷാദിനാണ് ആദ്യം വെട്ടേറ്റതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും വിബീഷ് വ്യക്തമാക്കി.
കഴിഞ്ഞ 29ന് നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് തൃശ്ശൂരിലെ പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ നൗഷാദ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ വിബീഷ് ഉള്‍പ്പടെയുള്ള മൂന്ന് പേരും അപകടനില തരണം ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട് പുന്ന, ചാവക്കാട് മേഖലകളിലെ മുപ്പത്തിലേറെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്‌റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ആക്രമണം നടന്നയുടന്‍ സ്ഥലത്ത് നിന്ന് മുങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ നൗഷാദിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവം നടന്ന പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്. ആക്രമണ സമയത്ത് ബൈക്ക് അപകടത്തില്‍പ്പെട്ടതിനാല്‍ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഷാജിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments