Latest NewsKerala

തപാല്‍ അക്കൗണ്ടിലൂടെ 15 ലക്ഷം; മൂന്നാറില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ ഉറവിടം തേടി പോലീസ്

ഇടുക്കി: തപാല്‍ അക്കൗണ്ടിലൂടെ 15 ലക്ഷം രൂപ ലഭിക്കുമെന്ന വ്യാജ സന്ദേശം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തപാല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്നും സൗജന്യമായി വീടും സ്ഥലവും നല്‍കുമെന്നുമായിരുന്നു തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത. വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ഈ രണ്ട് സന്ദേശങ്ങള്‍ വിശ്വസിച്ച് മണിക്കൂറുകളോളമാണ് തൊഴിലാളികള്‍ തപാല്‍ ഓഫീസിന് മുന്നില്‍ കാത്തുനിന്നത്.

സന്ദേശത്തില്‍ പറഞ്ഞതുപോലെ മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ കിട്ടുമല്ലോ എന്ന് കരുതി ആളുകള്‍ അക്കൗണ്ട് തുറക്കുന്നതിനായി തപാല്‍ ഓഫീസിലെത്തുകയായിരുന്നു. എന്നാല്‍, ഇങ്ങനൊരു സംഭവം ഇല്ലെന്നും പണം ലഭിക്കില്ലെന്നും തപാല്‍ ഓഫീസ് ജീവനക്കാര്‍ അറിയിച്ചെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. ഇതിനിടെ ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്കും അപേക്ഷയുമായി തൊഴിലാളികള്‍ എത്തി. സര്‍ക്കാര്‍ എന്നാണ് സൗജന്യമായി വീടും ഭൂമിയും നല്‍കുന്നതെന്നായിരുന്നു തൊഴിലാളികളുടെ ചോദ്യം. ആദ്യം അമ്പരന്ന റവന്യൂ വകുപ്പ് ജീവനക്കാര്‍ കാര്യമറിഞ്ഞതോടെ വ്യാജപ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് അറിയിച്ച് ഓഫീസിന് മുന്നില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. പലരും ജോലിക്ക് പോകാതെയാണ് അപേക്ഷ നല്‍കാനെത്തിയത്. ഈ അവസരം മുതലാക്കി അപേക്ഷ തയ്യാറാക്കി നല്‍കിയവര്‍ 150 രൂപ വരെ തൊഴിലാളികളുടെ കയ്യില്‍ നിന്ന് ഈടാക്കുകയും ചെയ്തു. വ്യാജപ്രചാരണം വ്യാപകമായതോടെ ദേവികുളം സബ്കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button