ന്യൂഡല്‍ഹി:കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ വാഗ്ദാനം ചര്‍ച്ചയായെന്നാണ് ജയശങ്കര്‍ അറിയിച്ചത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പോംപിയോയെ അറിയിച്ചു.
ജമ്മുകശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍് തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കശ്മീര്‍ പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ജയശങ്കര്‍ നടത്തിയത്.
Post Your Comments