ന്യൂഡല്‍ഹി: യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളവന് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാക്കിസ്ഥാന് വിഷയത്തിലെ അമേരിക്കയുടെ അനാവശ്യ കൈകടുത്തലുകളെപ്പറ്റി ചര്‍ച്ചയില്‍ കാര്യമായി തന്നെ പരാമര്‍ശിക്കുമെന്നാണ് സൂചന.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
നേരത്തെ കശ്മീരുമായി ബന്ധപ്പെട്ട ട്രപിന്റെ പരാമര്‍ശങ്ങളിലും പാകിസ്ഥാന് സൈനിക സഹായം നല്‍കിയതിലും ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. കാശ്മീര്‍ പ്രശ്നപരിഹാരത്തിന് താന്‍ തയ്യാറാണെന്നുള്ള ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് അമേരിക്കയില്‍വച്ച് കാശ്മീര്‍ പ്രശ്നത്തില്‍ നടത്തിയ ഇന്ത്യയ്ക്കെതിരായ കുറ്റപ്പെടുത്തലുകളും പാക്കിസ്ഥാനില്‍ ഭീകരപ്രവര്ത്തനമുണ്ടെന്ന തുറന്നു പറച്ചിലും ഇന്ത്യന്‍ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.
പ്രശ്നങ്ങളും മറുപടികളും നീറിപ്പുകയുന്നതിനിടെയാണ് സുള്ളിവന്റെ സന്ദര്‍ശനം എന്നത് ഇന്ത്യാ-അമേരിക്ക നയതന്ത്രത്തില്‍ നിര്‍ണായകമാണ്. അമേരിക്ക പുതുതായി പാക്കിസ്ഥാനുമായി ഉണ്ടാക്കിയ ആയുധവ്യാപാരക്കരാറിനെതിരെ ഇന്നലെ ഭാരതം അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.’നമ്മള് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ ആയുധക്കരാറിന്റെ പേരില്‍ പാക്കിസ്ഥാനോട് അമേരിക്ക ഭീകരവാദ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മയപ്പെടുത്തില്ലെന്നാണ് കിട്ടിയ ഉറപ്പെന്ന്’ ഭാരത വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാര് പറഞ്ഞു.
എന്തായാലും 125മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സഹായം നേടിയെടുക്കാനായത് ഇസ്ലാമാബാദിന്റെ വലിയ നയതന്ത്യവിജയമായാണ് പാക്കിസ്ഥാന് അഭിമാനിക്കുന്നത്. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പാക്-ഇന്ത്യാ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടതായി ട്രംപ് നടത്തിയ വീരവാദത്തിനെതിരെ ഉടന്‍ തന്നെ ശക്തമായി ഇന്ത്യ പ്രതികരിച്ചിരുന്നു.
Post Your Comments