
മലയാളി മനസ്സുകളില്‍ ആഹ്ലാദ മഴയും വിരഹത്തിന്റെ വേദനയും അറിയിച്ച ഗസല്‍ ചക്രവര്‍ത്തി. മലയാളത്തില്‍ ഗസലുകള്‍ക്ക് ഉയിരു കൊടുത്ത ഗായകന്‍ ഉമ്പായി വിടപറഞ്ഞിട്ട് ഒരു വര്‍ഷം.
കവിതകള്‍ ഗസലുകളായി ആലപിച്ച് ഗസല്‍ ശാഖയെ ജനകീയനാക്കിയ ഈ ഗായകന്റെ വിയോഗം മട്ടാഞ്ചേരിക്കാരുടെയോ കൊച്ചിക്കാരുടെയോ മാത്രം വേദനയല്ല. ഗസലിനെ പ്രണയിച്ച, പ്രണയിപ്പിച്ച ഈ കലാകാരന്‍ ഓരോ സംഗീത പ്രേമികളുടെയും മനസ്സില്‍ ഇന്നും വേദനയോടെ നിറഞ്ഞു നില്‍ക്കുന്നു. കൊച്ചിയിലെ ക്ലബ്ബുകളിലും ഹോട്ടലുകളിലും ഹിന്ദി പാട്ടുകള്‍ മാത്രം നിറഞ്ഞുനിന്നിരുന്ന കാലത്തിന് മാറ്റം കൊണ്ട് വന്ന ഗായകനാണ് ഉമ്പായി. സംഗീത അരങ്ങുകള്‍ ഗസലുകളുടേതു മാത്രമായി മാറ്റുവാന്‍ ഈ കലാകാരന് സാധിച്ചു.
ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ അമ്മ ഫാത്തിമ സ്‌നേഹത്തോടെ വിളിക്കുന്ന ഉമ്പായി എന്ന പേരിലൂടെയാണ് ഈ ഗായകന്‍ മലയാളി മനസ്സുകളില്‍ ഇടം നേടിയത്. അതിനു പിന്നില്‍ അനുഗ്രഹീത കലാകാരന്‍ ജോണ്‍ എബ്രഹാമും. ഹാര്‍മോണിയം പെട്ടിയില്‍ ഉമ്പായിയുടെ വിരലുകള്‍ മാന്ത്രികം നിറയ്ക്കുന്ന ഒരു സംഗീത സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്യെക്ക് കടന്നു വന്ന ജോണ്‍ എബ്രഹാം അമ്മ അറിയാന്‍ എന്ന ചിത്രത്തിലേയ്ക്ക് ഉമ്പായിയേ ക്ഷണിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. ഉമ്മ വിളിക്കുന്ന പേരു തന്നെ താനും വിളിയക്കുന്നുവെന്നു ജോണ്‍ പറഞ്ഞു. അങ്ങനെ ഇബ്രാഹിം എല്ലാവരുടെയും ഉമ്പായിയായി.
വിഷാദാത്മകമായ ഒരു ഗസലു പോലെയായിരുന്നു ഉമ്പായിയുടെ ജീവിതം. സ്വന്തമായി ഒരു റേഡിയോ പോലും അന്യമായിരുന്ന ബാല്യം മുതല്‍ സംഗീത ജീവിതത്തിലെ നിമിഷങ്ങള്‍ അദ്ദേഹം തന്റെ ആത്മകഥയിലൂടെ പങ്കുവച്ചിട്ടുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും ഇരുളടഞ്ഞ വഴികള്‍ നിറഞ്ഞ മുംബൈ ജീവിതത്തില്‍. ഹോട്ടലുകളിലും ഡാന്‍സ് ബാറുകളിലും പാട്ടുപാടിനടന്ന രാത്രികളില്‍, വഴിപിഴയ്ക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുകളുമായി അപ്പോഴും കൂടെയുണ്ടായിരുന്നത് സംഗീതം മാത്രം. തബല പഠിക്കാനെത്തിയ ഉമ്പായിയെ ഗസലിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് ഉസ്താദ് മുജീവര്‍ അലി ആയിരുന്നു.
https://youtu.be/G-AtnFkAaxk
ഗസലിന്റെ വഴില്‍ തനിക്ക് തുണയായത് സംവിധായകനും രചയിതാവുമായ ഈസ്റ്റ്കോസ്റ്റ് വിജയനായിരുന്നുവെന്ന് ഉമ്പായി തുറന്നു പറഞ്ഞിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പിനെ കണ്ട് ഉമ്പായിക്കു വേണ്ടി സംസാരിച്ചത് അദ്ദേഹമായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പലപ്പോഴായി ഒ.എന്‍.വി. ഉമ്പായിക്കു വേണ്ടിയെഴുതി. ഉമ്പായി ഗസലുകളുടെ ഹിറ്റ് ലിസ്റ്റുകളില്‍ പെട്ടതായിരുന്നു അതെല്ലാം. ഇതുകൂടാതെ വിദേശത്തും സ്വദേശത്തുമായി നിരവധി പരിപാടികള്‍ ഒരുക്കി ഉമ്പായിയെന്ന ഗസല്‍ഗായകനെ ജനങ്ങളിലേക്കെത്തിച്ചതില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സ്ഥാനം വലുതാണ്. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയിലെ ഒരു ഗാനത്തിനു ഉമ്പായി ഈണം നല്‍കുകയും ചെയ്തു.
പ്രണയിനിയെ ഉമ്പായി വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ അവരെയൊന്ന് കാണാന്‍ തോന്നുമെന്നു മലയാളത്തിന്റെ പ്രയ കവി ഒഎന്‍വി മുന്പ് ഒരിക്കല്‍ പങ്കുവച്ചിരുന്നു. മലയാളത്തിലെ ആദ്യ ഗസല്‍ ആല്‍ബം പ്രണാമം എന്ന പേരില്‍ പുറത്തിറക്കിയത് ഉമ്പായി ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതജീവിതത്തെ മാറ്റിമറിച്ച ഒന്നായിരുന്നു ഇത് . പിന്നീട് ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി എന്നിവരുടെ വരികള്‍ ഉമ്പായിയുടെ ഗസല്‍ ഈണത്തിലൂടെ പുറത്തുവന്നു. ഇരുപതിലേറെ ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി പുറത്തിറക്കി. പാടുക സൈഗാള്‍ പാടൂ, അകലെ മൌനം പോല്‍, ഒരിക്കല്‍ നീ പറഞ്ഞു എന്നിവയാണ് ഉമ്പായിയുടെ ശ്രദ്ധേയമായ ഗസലുകള്‍.
പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം കണ്ടതില്ലെന്ന് പരിഭവിച്ച.. എവിടെയാണെങ്കിലും നിന്നരികിലേക്ക് പറന്നെത്തുന്ന, ഒരു മുകില്‍ പക്ഷിയായി അരികിലെത്തുമെന്നു പറഞ്ഞ പ്രിയ ഗായകന്‍ മലയാളികളുടെ വിരഹത്തിലും നൊമ്പരങ്ങളിലും കൂട്ടായിരുന്നു.
Post Your Comments