ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം. 72ാം രക്തസാക്ഷി ദിനത്തില്‍ എത്തി നില്‍ക്കുമ്പോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രാഷ്ട്രപിതാവിന്റെ സ്ഥാനം ഇന്നും മഹാത്മാഗാന്ധിക്ക് മാത്രം.
സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നമ്മള്‍ കാണുന്നത്.
എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓര്‍മ്മപ്പെടുത്തുകയാണ്.
Post Your Comments