ഡല്‍ഹി: പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബിഎസ്പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഎസ്പിയുടെ രാജസ്ഥാനിലെ എംഎല്‍എ രംഗത്ത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കുന്നതിന് അനുസരിച്ചാണ് സീറ്റ് വിഭജനമെന്നാണ് ബിഎസ്പി എംഎല്‍എ രണ്‍വീര്‍ സിംഗ് ഗുഡയുടെ വെളിപ്പെടുത്തല്‍.
രാജസ്ഥാന്‍ നിയമസഭയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സെമിനാറിലാണ് ബിഎസ്പിക്കെതിരായ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ പാര്‍ട്ടിയില്‍ പണം നല്‍കിയാല്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കും. കൂടുതല്‍ തുക ആരാണോ നല്‍കുന്നത് അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്നുമായിരുന്നു ഗൂഡയുടെ പരാമര്‍ശം.
പാവപ്പെട്ട ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇതാണ് തങ്ങളുടെ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഗുഡ വെളിപ്പെടുത്തി. രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ് ഗൂഡ.
ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിനുള്ള വെല്ലുവിളികളായിരുന്നു സെമിനാറിന്റെ വിഷയം. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. അതേസമയം ഇത് ആദ്യമായല്ല ബിഎസ്പി നേതാക്കള്‍ തന്നെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തുന്നത്.
നേരത്തെ 2016 ല്‍ മുന്‍ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ മായാവതിയുടെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്ന ഫാക്ടറിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
Post Your Comments