Latest NewsIndia

കേന്ദ്രത്തിനു നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം; കാരണം ഇതാണ്

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി മുന്‍പ് വിട്ടുകൊടുക്കയും ഏറ്റെടുത്തു കൈമാറുകയും ചെയ്ത ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള നീക്കം കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ നീക്കം. സ്വകാര്യ വത്കരിക്കുമ്പോള്‍ സംസ്ഥാനം നല്‍കിയ ഭൂമിയടക്കം കൈവിട്ട് പോകുന്നത് തടയാനാണ് ഈ നടപടി.

ഭൂമിയുടെ കണക്കെടുക്കാനും ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ മോണിറ്ററിംങ് സെല്‍ രൂപീകരിച്ചു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളുടെയും വിവരങ്ങള്‍ തയ്യാറാക്കണം. ഇവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുവാനും കത്തിടപാടുകള്‍ നടത്തുവാനുമുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിക്കാണ് വിവരശേഖരണത്തിന്റെ മേല്‍നോട്ടച്ചുമതല.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം സൗജന്യമായും വ്യവസ്ഥകള്‍ക്ക് വിധേയമായും ഭൂമിയും വിലയേറിയ കെട്ടിടങ്ങളും വിട്ടുനല്‍കിയത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാല്‍ ഇവ വിറ്റഴിക്കുമ്പോള്‍ സംസ്ഥാനവുമായി ആലോചനകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വിറ്റഴിക്കുമ്പോള്‍ ഭൂമിയും കെട്ടിടങ്ങളും തിരികെ ആവശ്യപ്പെടാനോ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന പണത്തിന്റെ വിഹിതം വാങ്ങുവാനോ ആണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഫാക്ടിന് മുന്‍പ് ഏറ്റെടുത്ത് നല്‍കിയ ഭൂമിയില്‍ ഒരു പങ്ക് തിരികെ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം 1250 കോടി രൂപ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button