Latest NewsKerala

ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു ; ജനങ്ങൾ വലയുന്നു

തിരുവനന്തപുരം : ഡോക്ടര്‍മാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.

മെഡിക്കല്‍ കമ്മീഷൻ ബില്‍ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്‍റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയിൽ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.

എംബിബിഎസിന്‍റെ അവസാന വര്‍ഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button